കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അറസ്റ്റിൽ. കേസില്‍ മുഖ്യ പ്രതിയായ പള്‍സര്‍ സുനി നല്കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇന്ന് രാവിലെയാണ് ദിലീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തുടർന്ന് രഹസ്യ കേന്ദ്രത്തിൽ വെച്ച് ദിലീപിനെ ചോദ്യം ചെയ്യുകയും വൈകീട്ട് ഏഴുമണിയോടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു. ദിലീപിനെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കും.
നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയിൽ ദിലീപ് പങ്കെടുത്തെന്ന് കണ്ടെത്തിയെന്നാണ് പൊലീസ് വിശദീകരണം. തെളിവുകൾ സ്ഥിരീകരിച്ച ശേഷമാണ് അറസ്റ്റിലായത്.
ദേശീയതലത്തിൽത്തന്നെ കോളിളക്കമുണ്ടാക്കിയ സംഭവത്തിൽ, നാലര മാസം പിന്നിടുമ്പോഴാണ് ദിലീപിന്റെ അറസ്റ്റ്. സംഭവം പുറത്തറിഞ്ഞതു മുതൽ സംശയത്തിന്റെ നിഴലിലായിരുന്ന ദിലീപ്, എന്നാല്‍, സംഭവുമായി തനിക്കു തബന്ധമില്ലെന്നാണ് നിഇതുവരെ ദിലീപ്
പറഞ്ഞത്. ദിലീപിനെ അറസ്റ്റ് ചെയ്തെന്ന റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.
ദിലീപിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച മൊഴി വൈരുദ്ധ്യങ്ങളാണ് അറസ്റ്റിലേക്ക് നയിച്ചത്. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആദ്യ മൊഴി പോലീസിന് തൃപ്തികരമല്ലായിരുന്നു.
പിന്നീട് മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ പുറത്തുവരാൻ തുടങ്ങിയതോടെ അന്വേഷണ സംഘം നടൻ ദിലീപ്, സംവിധായകൻ നാദിർഷാ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തിരുന്നു. ദിലീപ് ആദ്യം പറഞ്ഞത്, തനിക്ക് പള്‍സര്‍ സുനിയേ അറിയില്ലെന്നായിരുന്നു.
എന്നാല്‍, ദിലീപ് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം "ജോർജേട്ടൻസ് പൂര’ ത്തിന്റെ ലൊക്കേഷനിൽ സുനിൽകുമാർ എത്തിയതിന്റെ നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചതോടെ വീണ്ടും ദിലീപ് സംശയത്തിന്റെ നിഴലിലായി. തുടർന്നു നടി കാവ്യ മാധവന്റെ കാക്കനാട്ടെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തി. ഈ പരിശോധനയില്‍ ദിലീപിന്റെ അറസ്റ്റിലേയ്ക്ക് നീളുന്ന നിര്‍ണായകമയ തെളിവുകളാണ് പോലീസിന് ലഭിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 17നാണ് നടിയെ അങ്കമാലി അത്താണിക്കു സമീപം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അക്രമം.