Trivandrum: ശമ്പള പരിഷ്കരണം, സ്ഥാനക്കയറ്റം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങുന്നു. ശമ്പളപരിഷ്കരണ ഉത്തരവ് കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽ പുറത്തിറങ്ങിയെങ്കിലും നാളിതുവരെയായിട്ടും ബഹുഭൂരിഭാഗം മെഡിക്കൽ കോളേജ് അധ്യാപകർക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നൽകിയിട്ടില്ല.
കൂടാതെ പരിഷ്കരണത്തിൽ വന്നിട്ടുള്ള വിവിധതലത്തിലുള്ള അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും അതൊന്നും ഇതുവരെയും പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും ഡോക്ടർമാർ പറയുന്നു. കോവിഡ് പരിചരണത്തിൽ സ്തുത്യർഹമായ പങ്കുവഹിക്കുന്ന മെഡിക്കൽ കോളേജ് ഡോക്ടർമാരോട് സർക്കാർ കാണിക്കുന്ന വഞ്ചനയാണിതെന്നുതന്നെയാണ് കെജിഎംസിടിഎ യുടെ അഭിപ്രായം.
നടപടികളിൽ പ്രതിഷേധിച്ച് ഒക്ടോബർ 21 ആം തീയതി വ്യഴാഴ്ച എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലെയും പ്രിൻസിപ്പൽ ഓഫീസിലേക്ക് പ്രതിഷേധജാഥയും ഓഫിസിനുമുൻപിൽ ധർണയും ( കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ) നടത്താൻ തീരുമാനിച്ചിരിക്കുന്നു.
മെഡിക്കൽ കോളേജിലെ വിവിധതലങ്ങളിലുള്ള ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെയും അന്നുമുതൽ ആരംഭിക്കുന്ന പ്രത്യക്ഷസമരത്തിലൂടെ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകാനാണ് സംഘടനയുടെ തീരുമാനം.
ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടതും എൻട്രി കേഡറിൽ ഉള്ള യുവഡോക്ടർമാരെ പ്രതികൂലമായി ബാധിക്കുന്നതുമായ അപാകതകൾ പരിഹരിക്കുക എന്ന പ്രധാന ആവശ്യത്തിനൊപ്പം സ്ഥാനക്കയറ്റവും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കും എത്രയും വേഗം പരിഹാരം കാണണമെന്ന് സർക്കാരിനോട് സംഘടന ശക്തമായി ആവശ്യപ്പെടുന്നു.
.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...