സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ പത്തുവയസുകാരി മരിച്ച സംഭവത്തിൽ കേരള അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. കോടതി ഉത്തരവുമായി എത്തിയിട്ടും താമസവും ഭക്ഷണവുമടക്കം സൗകര്യങ്ങള്‍ ഒന്നും തന്നെ സംഘാടകര്‍ ഒരുക്കിയില്ലെന്ന് കോടതിയെ അറിയിക്കുമെന്നാണ് കേരള അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. ഭക്ഷ്യവിഷ ബാധയെ തുടർന്നായിരുന്നു ആലപ്പുഴ സ്വദേശി നിദ ഫാത്തിമ മരിച്ചത്.
സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനായി നാഗ്പൂരിൽ എത്തിയ നിദ ഫാത്തിമ ഉൾപ്പടെയുള്ള സംഘത്തിന് താമസ ഭക്ഷണ സൗകര്യങ്ങളൊന്നും കിട്ടാത്തതിനാല്‍ താത്കാലിക കേന്ദ്രത്തിലായിരുന്നു കുട്ടികള്‍ കഴിഞ്ഞിരുന്നത്. ഇതിനെതിരെ പ്രതിഷേധങ്ങളും ഉയർന്നിരുന്നു. അതേസമയം അന്തരിച്ച പത്ത് വയസുകാരി നിദാ ഫാത്തിമയുടെ അച്ഛന്‍ ഷിഹാബ് രാത്രിയോടെ നാഗ്പൂരിലെത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് തന്നെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്.
കേരള സൈക്കിള്‍ പോളോ അസോസിയേഷനും സൈക്കിള്‍ പോളോ ഫെഡറേഷന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള കിട മത്സരമാണ് നാഗ്പൂരില്‍ മലയാളി താരം നിദ ഫാത്തിമയുടെ ജീവനെടുത്തത്. ദേശീയ ഫെഡറേഷന്റെ അംഗീകാരമില്ലാത്തതിനാല്‍ താരങ്ങള്‍ക്ക് താമസസൗകര്യവും ഭക്ഷണവും ദേശീയ ഫെഡറേഷന്‍ ഒരുക്കിയിരുന്നില്ല.
നിദയ്ക്ക് കടുത്ത ഛർദ്ദി ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് നാഗ്‌പൂരിലെ ഒരു ആശുപത്രിയിൽ ചികിത്സ തേടുകയും, ഇവിടെ വെച്ച് കുത്തിവെപ്പ് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ വിദ്യാർഥിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതിന് ശേഷം കുട്ടി മരിച്ച വിവരം ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...