തിരുവനന്തപുരം: കെ റെയില്‍ സംവാദം പ്രഹസനമാക്കി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കെ. റെയില്‍ കോര്‍പറേഷനാണോ സര്‍ക്കാരാണോ സംവാദം നടത്തേണ്ടത്. സംവാദത്തില്‍ പങ്കെടുക്കേണ്ട ആളുകളെ ചുമതലപ്പെടുത്തിയത് ആരാണ്?
ജോസഫ് സി മാത്യുവിനെ ക്ഷണിച്ചത് പിണറായി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയാണ്. ചീഫ് സെക്രട്ടറി ക്ഷണിച്ച ആളെ സംവാദത്തിലേക്ക് വിളിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത് ഏത് അധികാര കേന്ദ്രമാണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കേണ്ടത്.
ചീഫ് സെക്രട്ടറിയെ പോലും അപമാനിച്ചിരിക്കുകയാണ്. ചീഫ് സെക്രട്ടറിക്കും മുകളിലാണോ കെ റെയില്‍ കോര്‍പറേഷന്‍ എം.ഡിയും മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗവും. എന്തിനാണ് ജോസഫ് സി മാത്യുവിനെ ഭയപ്പെടുന്നത്.ഈ സര്‍ക്കാര്‍ തീവ്ര വലതുപക്ഷ സമീപനമാണ് കൈക്കൊള്ളുന്നതെന്ന് പറയാന്‍ പറ്റുന്നയാളാണ് ജോസഫ് സി. മാത്യു. ഇടത് പക്ഷമെന്ന് അവകാശപ്പെടുന്നവരുടെ വലതുപക്ഷ സമീപനം തുറന്നു കാട്ടപ്പെടുമെന്നതാണ് ഇവരുടെ ഭയമെന്നും വി.ഡി.സതീശൻ പറഞ്ഞു.
നിയമസഭയില്‍ ചര്‍ച്ച നടന്നപ്പോള്‍ പ്രതിപക്ഷം ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിയോ സര്‍ക്കാരോ ഉത്തരം നല്‍കിയിട്ടില്ല. ഡി.പി.ആര്‍ തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണെന്ന ആക്ഷേപത്തിന് പോലും മറുപടിയില്ല. 2020-ല്‍ സമര്‍പ്പിച്ച ഡി.പി.ആറില്‍ അപകാതകളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. രണ്ടു വര്‍ഷമായിട്ടും ഇത് തിരുത്താന്‍ പോലും സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഇപ്പോള്‍ നടക്കുന്നത് മുഴുവന്‍ പ്രഹസനമാണെന്നും പ്രതിപക്ഷ നേതാവ് പറത്തു.
ഗുണ്ടകളെയും ക്രിമിനലുകളെയും പൊലീസിനെയും വിട്ട് സില്‍വര്‍ ലൈന്‍വിരുദ്ധ സമരത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. മാടപ്പള്ളിയും കഴക്കൂട്ടവും ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് അതിക്രമം കാട്ടി. ഇതിന് പുറമെയാണ് കണ്ണൂരിലെ നടാലില്‍ സി.പി.എമ്മുകാര്‍ ഇറങ്ങി സില്‍വര്‍ലൈൻ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത്. സമരത്തില്‍ പങ്കെടുത്ത പാവങ്ങളെയും സ്ത്രീകളെയും മര്‍ദ്ദിക്കാനാണ് സി.പി.എം ഗുണ്ടകളെ അയച്ചത്.
തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രായമായ മനുഷ്യനെ കരണത്തടിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്തതിന്റെ തെളിവുകള്‍ ദൃശ്യമാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടും ക്രിമിനലായ ആ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. ഇതിന് മുന്‍പും അഞ്ച് സസ്‌പെന്‍ഷന്‍ കിട്ടിയ ആളാണ്. അസിസ്റ്റന്റ് കമ്മിഷണറുടെ കോളറിന് പിടിച്ചയാള്‍ ഒരു പാവപ്പെട്ട മനുഷ്യന്റെ കരണത്തടിച്ച് നാഭിക്ക് ചവിട്ടിയിട്ട് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. പൊലീസിലെ ക്രിമിനലുകളെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പൊലീസിലെ ക്രിമിനലുകളെ സംരക്ഷിച്ചാല്‍ നാട്ടുകാര്‍ കൈകാര്യം ചെയ്യും. ആ രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
പോലീസിനെ ഇറക്കിയിട്ടും സമരത്തെ അടിച്ചമര്‍ത്താന്‍ കഴിയതെ വന്നതോടെയാണ് സി.പി.എം തന്നെ നേരിട്ട് ഗുണ്ടകളെ ഇറക്കിയത്. എവിടെ കല്ലിട്ടാലും ആ കല്ലുകള്‍ പിഴുതി മാറ്റുമെന്നും വി.ഡി.സതീശൻ വ്യക്തമാക്കി. സാധാരണക്കാരായ ജനങ്ങള്‍ നടത്തുന്ന സമരത്തിന് യു.ഡി.എഫ് പൂര്‍ണമായ പിന്തുണ നല്‍കും. ബംഗാളിലെ നന്ദിഗ്രാമിലും സിംഗൂരിലും സി.പി.എം നടത്തിയ അതിക്രമങ്ങളാണ് കേരളത്തിലും സമരത്തെ അടിച്ചമര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. ബംഗാളിലെ ക്രൂരത തന്നെയാണ് കേരളത്തിലും ആവര്‍ത്തിക്കപ്പെടുന്നത്.
സമരം ചെയ്യുന്ന ആളുകളുടെ പല്ല് പോകുമെന്നാണ് എം.വി ജയരാജന്‍ പ്രഖ്യാപിച്ചത്. ജനങ്ങളുടെ പല്ലു പറിക്കാന്‍ പുതിയൊരു പല്ല് ഡോക്ടര്‍ കൂടി വന്നിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഗുണ്ടകളെ ഇറക്കിയത്. ഇതൊക്കെ ജനങ്ങള്‍ കാണുകയാണ്. സ്ഥലം പോകുന്നവര്‍ മാത്രമല്ല കേരളം ഒന്നാകെ ഈ പദ്ധതിയുടെ ഇരകളാണ്. സി.പി.എമ്മും ഗുണ്ടകളും പൊലീസും രംഗത്തിറങ്ങിയാലും യു.ഡി.എഫ് സമരവുമായി മുന്നോട്ടു പോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...