പത്തൊൻപത് വർഷത്തോളം നീണ്ട കരിയറിന് വിരാമം കുറിച്ചുക്കൊണ്ട് വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ടെന്നീസ് താരം സാനിയ മിർസ. ഫെബ്രുവരിയിൽ നടക്കുന്ന WTA 1000 മത്സരമായിരിക്കും തന്റെ അവസാന മത്സരം എന്നാണ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ സാനിയ വ്യക്തമാക്കിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച വനിതാ ടെന്നീസ് താരമെന്ന വിളിപ്പേരുള്ള സാനിയ ഇടയ്ക്കിടെ വിവാദങ്ങളിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട്.
ദേശീയ പതാകയോട് അനാദരവ് കാട്ടിയ സംഭവമായിരുന്നു ഇതിൽ ഏറെ ശ്രദ്ധേയം. ടെന്നീസ് മത്സരം കാണുന്നതിനിടെ പതാക വച്ചിരുന്ന മേശയുടെ മുകളിൽ സാനിയ കാലെടുത്ത് വയ്ക്കുകയായിരുന്നു. ഇത് ദേശീയ പതാകയോടുള്ള അനാദരവാണെന്ന് ചൂണ്ടിക്കാട്ടി നിരവധി വിമർശനങ്ങളാണ് ഉയർന്നത്.
സൊഹ്‌റാബ് മിർസയുമായുള്ള സാനിയയുടെ വേർപിരിയൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു കാര്യമാണ്. 2009-ൽ ഹൈദരാബാദിൽ വച്ച് വിവാഹനിശ്ചയം കഴിഞ്ഞ ഇരുവരും ആറ് മാസങ്ങൾക്ക് ശേഷം വേർപിരിയുകയായിരുന്നു. പരസ്പരം പൊരുത്തപ്പെടാൻ കഴിയുന്നില്ല എന്നതിനാലാണ് വേർപിരിയുന്നതെന്ന് ഇരുവരും പിന്നീട് പറഞ്ഞിരുന്നു.
ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്ന ടെന്നീസ് താരങ്ങൾക്കെതിരെ പത്ത് വർഷങ്ങൾക്ക് മുൻപ് ഫത്വ അഥവാ മതവിധി നിലവിൽ വന്നിരുന്നു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് മത്സരത്തിൽ പങ്കെടുത്തതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ സാനിയയ്ക്ക് നേരെ ഉയർന്നിട്ടുണ്ട്. ക്രൂരവും ലൈംഗിക ചുവയുള്ളതുമായ നിരവധി പരാമർശങ്ങളാണ് സാനിയയ്ക്ക് നേരെ ഉയർന്നത്.
മസ്ജിദിന്റെ മുറ്റത്ത് ചിത്രീകരണം നടത്തി എന്നതായിരുന്നു മറ്റൊരു വിവാദം. സംഭവത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സാനിയയ്‌ക്കെതിരെ പരാതി നൽകിയതോടെ സംഭവ൦ വഷളാവുകയും സാനിയ ക്രൂരമായ വിമർശനങ്ങൾക്ക് ഇരയാകുകയും ചെയ്‌തു.
പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക്കുമായുള്ള വിവാവഹമായിരുന്നു ഏറെ ശ്രദ്ധേയമായ വിവാദം. വിവാഹ വാർത്ത പുറത്ത് വന്നതിനു പിന്നാലെ ബിജെപി നേതാവ് 'പാക്കിസ്ഥാന്റെ മരുമകൾ' എന്ന് സാനിയയെ വിശേഷിപ്പിച്ച് രംഗത്തെത്തുകയായിരുന്നു. തെലങ്കാനയുടെ ബ്രാൻഡ് അംബാസഡറായി തുടരാൻ സാനിയയ്ക്ക് യോഗ്യതയില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. 2012ലാണ് സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും വിവാഹിതരായത്. ഷൊഹൈബ് മാലിക്കിനെ വിവാഹം കഴിച്ചതിന്റെ പേരിൽ തന്നെ ദേശദ്രോഹിയായി മുദ്ര കുത്തിയെന്ന് വെളിപ്പെടുത്തി സാനിയ ഒരു അഭിമുഖത്തിൽ വികാരാധീനയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...