തൊഴിൽ രംഗത്ത് ശോഭിക്കാം; ഈ ചാണക്യ തന്ത്രങ്ങളെ മുറുകെപിടിച്ചോളൂ....
ലോകം കണ്ട മികച്ച തത്വചിന്തകരില്‍ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. പ്രതിസന്ധികളെ തരണം ചെയ്ത് വിജയത്തിലേക്ക് എത്താനുള്ള വഴികള്‍ തിരയുന്നവര്‍ക്ക് അദ്ദേഹത്തിന്റെ ചാണക്യനീതി ഒരു വഴികാട്ടിയാണ്.
വ്യക്തിജീവിതത്തിലും കര്‍മ്മരംഗത്തും ഉയര്‍ച്ചയും വിജയവും ലഭിക്കാൻ ചാണക്യ തന്ത്രങ്ങൾ സഹായിക്കുന്നു. അത്തരത്തിൽ തൊഴിൽ രംഗത്ത് ശോഭിക്കാനും വെല്ലുവിളികളെ അതിജീവിക്കാനും ചാണക്യന്‍ നല്‍കുന്ന ഉപദേശങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ജീവിതത്തില്‍ അത്യാവശ്യമാണെങ്കിലും അമിതമായാല്‍ സത്യസന്ധതയും ദോഷം ചെയ്യുമെന്ന് ചാണക്യന്‍ ഓര്‍മ്മിപ്പിക്കുന്നു. കാരണം നേരേ വളരുന്ന മരങ്ങളാണ് ആദ്യം വെട്ടിനീക്കപ്പെടുക. അതുപോലെ സത്യസന്ധരായ ആളുകള്‍ പെട്ടെന്ന് വഞ്ചിതരാക്കപ്പെടും. അതിനാൽ എപ്പോഴും ശ്രദ്ധയോടെയായിരിക്കുക.
ഏതൊരു കാര്യവും ചെയ്യുന്നതിന് മുമ്പ് എന്തിന് വേണ്ടി ഞാന്‍ ഈ കാര്യം ചെയ്യണം, അതിന്റെ പരിണിതഫലങ്ങള്‍ എന്തെല്ലാമായിരിക്കും, അതില്‍ വിജയിക്കാന്‍ എനിക്ക് സാധിക്കുമോ എന്നീ മൂന്ന് ചോദ്യങ്ങള്‍ സ്വയം ചോദിക്കുക. ഈ മൂന്ന് ചോദ്യങ്ങള്‍ ആ ദൗത്യത്തെ കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ സഹായിക്കും.
ഭയം വിജയത്തിന്റെ ശത്രുവാണ്. ഭയം അടുത്തുവരുമ്പോള്‍ ധീരതയാല്‍ അതിനെ നശിപ്പിക്കുക. മാറ്റത്തിന് മുമ്പില്‍ ഭയപ്പെടരുത്.
സ്വന്തം തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുന്നത് പോലെ മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നും പാഠങ്ങള്‍ പഠിക്കുക. ഒരുമയ്ക്ക് വില നല്‍കുകയും ഒറ്റക്കെട്ടായി മുന്നേറാന്‍ ശ്രമിക്കുകയും ചെയ്യുക.
ഒരു കാര്യം സംസാരിക്കുന്നതിന് മുമ്പ്, ആ സംസാരം ആവശ്യമാണോ അത് സത്യമാണോ, മറ്റുള്ളവരെ വേദനിപ്പിക്കുമോ എന്നുള്ള കാര്യങ്ങള്‍ ചിന്തിക്കുക. സംസാരിക്കുന്നതിനേക്കാള്‍ സംസാരിക്കാതിരിക്കുന്നതാണോ കൂടുതല്‍ ഉചിതമെന്നതും വിലയിരുത്തുക.
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം. അതുകൊണ്ട് വിദ്യാഭ്യാസത്തെ ആത്മസുഹൃത്തായി കാണുക. വിദ്യാഭ്യാസമുള്ളവര്‍ സമൂഹത്തില്‍ എന്നും ആദരിക്കപ്പെടും.
സുഹൃത്തുക്കളെ കണ്ണടച്ച് വിശ്വസിക്കരുത്. ഏതൊരു സൗഹൃദത്തിലും ചില നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉണ്ടായിരിക്കും. നിസ്വാര്‍ത്ഥമായ സൗഹൃദങ്ങള്‍ വളരെ അപൂർവ്വമാണ്. ഇക്കാര്യം മനസ്സില്‍ വെച്ച് കൊണ്ട് സൗഹൃദങ്ങള്‍ നിലനിര്‍ത്തുക.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.