ഇന്ത്യന്‍ കാര്‍ വിപണിയിലെ വമ്പന്‍മാര്‍ ആരെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേ കാണൂ... മാരുതി സുസുകി. മെയ് മാസത്തിലും ആ കാര്യത്തില്‍ ഒരു മാറ്റവും ഇല്ല എന്നതാണ് സത്യം.
ഒന്നാം സ്ഥാനം മാരുതിയ്ക്കാണ്. രണ്ടാമത് ഹ്യുണ്ടായ്. മൂന്നാം സ്ഥാനം ടാറ്റയ്ക്കാണ്. നാലാമത് മഹീന്ദ്രയും അഞ്ചാമത് ടൊയോട്ടയും. രണ്ടും മുന്നും നാലും സ്ഥാനക്കാരുടെ മൊത്തം വില്‍പനയേക്കാള്‍ കൂടുതലാണ് മാരുതിയുടെ വില്‍പന.
മെയ് മാസത്തില്‍ മൊത്തം 1,44,002 യൂണിറ്റുകളാണ് മാരുതി സുസുകിയുടേതായി വിറ്റഴിക്കപ്പെട്ടത്. ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് 4.4 ശതമാനം ആണ് വില്‍പനയിലെ വര്‍ദ്ധന.
രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായുടെ 49,151 യൂണിറ്റ് കാറുകളാണ് മെയില്‍ വിറ്റഴിക്കപ്പെട്ടത്. ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ 2.1 ശതമാനത്തിന്റെ ഇടിവാണ് പ്രകടമായിരിക്കുന്നത്.
ടാറ്റയാണ് മൂന്നാം സ്ഥാനത്തുള്ളത്. ആകെ 46,700 യൂണിറ്റുകള്‍ മെയ് മാസത്തില്‍ വില്‍ക്കപ്പെട്ടു. ഏപ്രില്‍ മാസത്തേക്കാള്‍ 2.5 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.
ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്ര നാലാം സ്ഥാനത്തുണ്ട്. 43,218 യൂണിറ്റുകള്‍ മെയ് മാസത്തില്‍ വിറ്റു. ഏപ്രിലില്‍ 41,008 യൂണിറ്റുകള്‍ ആയിരുന്നു വിറ്റത്. 5.4 ശതമാനം വര്‍ദ്ധനയുണ്ട് വില്‍പനയില്‍.
ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് അഞ്ചാം സ്ഥാനത്തുള്ള ടൊയോട്ട ആണ്. 23,959 യൂണിറ്റുകള്‍ മെയില്‍ വിറ്റു. ഏപ്രിലില്‍ ഇത് 18,700 യൂണിറ്റുകള്‍ ആയിരുന്നു. 28.1 ശതമാനത്തിന്റെ വര്‍ദ്ധന.
ആറാം സ്ഥാനത്തുള്ള കിയയുടെ 19,500 യൂണിറ്റുകള്‍ മെയ് മാസത്തില്‍ വിറ്റു. ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ 2.3 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചു.
ഏഴാം സ്ഥാനത്തുള്ള ഹോണ്ടയും മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. 4,822 യൂണിറ്റുകള്‍ വിറ്റു. ഏപ്രില്‍ മാസത്തില്‍ 4,351 യൂണിറ്റുകള്‍ ആയിരുന്നു വിറ്റത്. 10 ശതമാനത്തിന്റെ വര്‍ദ്ധന.
എംജി ആണ് എട്ടാം സ്ഥാനത്ത്. മെയ് മാസത്തില്‍ വിറ്റത് 4,769 യൂണിറ്റുകള്‍. ഏപ്രില്‍ മാസത്തേക്കാള്‍ 6.3 ശതമാനത്തിന്റെ വര്‍ദ്ധന.
ഒമ്പതാം സ്ഥാനത്തുള്ള റെനോയുടെ 3,709 കാറുകള്‍ മെയ് മാസത്തില്‍ വിറ്റഴിക്കപ്പെട്ടു. 0.1 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്.
അവസാന സ്ഥാനത്തുള്ള ഫോക്‌സ് വാഗണ്‍ ആണ്. മെയ് മാസത്തില്‍ 3,273 കാറുകള്‍ ആറ് ആകെ വിറ്റത്. എന്നാല്‍ ഏപ്രിലിനെ അപേക്ഷിച്ച് വില്‍പനയില്‍ 7.3 ശതമാനത്തിന്റെ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.