ധാരാളം പോഷകഗുണങ്ങളുള്ള സൂര്യകാന്തി വിത്തുകൾ ദൈനംദിനം നമ്മുടെ ഡയറ്റിൽ തീർച്ചയായും ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. വിറ്റാമിൻ ഇ, ഫാറ്റുകൾ, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ, തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ സൂര്യകാന്തി വിത്തുകളുടെ ഗുണങ്ങൾ നോക്കാം.
ദിവസവും 30 ഗ്രാം സൂര്യകാന്തി വിത്തുകൾ ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം കഴിക്കുന്ന ആളുകൾക്ക് ആറ് മാസത്തിനുള്ളിൽ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ഏകദേശം 10% കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
സൂര്യകാന്തി വിത്തുകളിലെ നാരുകൾ രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. സൂര്യകാന്തി വിത്തുകളിൽ അടങ്ങിയിരിക്കുന്ന നിയാസിൻ അല്ലെങ്കിൽ വിറ്റാമിൻ ബി 3 മൊത്തം കൊളസ്ട്രോൾ നിലയും ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു.
സൂര്യകാന്തി വിത്തുകളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ, സിങ്ക്, സെലിനിയം എന്നിവ പ്രതിരോധശേഷി വർധിപ്പിക്കുന്നു. വിറ്റാമിൻ ഇ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും നിരവധി പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
സൂരകാന്തി വിത്തുകളിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് വളരെ നല്ലതാണ്. വിറ്റാമിൻ ഇ ചർമ്മത്തിന് മാത്രമല്ല മുടിയ്ക്ക് മികച്ച ഘടന ലഭിക്കാനും കരുത്ത് നൽകാനും സഹായിക്കും
മഗ്നീഷ്യവും മറ്റ് ധാതുക്കളും സൂര്യകാന്തി വിത്തുകളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
നിയാസിൻ, ഫോളേറ്റ്, വിറ്റാമിൻ ബി 6 തുടങ്ങിയ ബി വിറ്റാമിനുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ തുടങ്ങിയവ അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഊർജം പകരാനും നിലനിർത്താനും സഹായിക്കും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക