ഒട്ടുമിക്ക വീടുകളിലും കാണപ്പെടുന്ന ഒരു ചെടിയാണ് തുളസി അല്ലെങ്കിൽ ഹോളി ബേസിൽ. ആയുർവേദത്തിലും ഹിന്ദുമതവിശ്വാസികളുടെ വീടുകളിലും തുളസി ചെടിക്ക് പ്രത്യേക സ്ഥാനമുണ്ട്.
ധാരാളം ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ തുളസി ആയുർവേദ ഔഷധങ്ങളിൽ വളരെ ഉയർന്നതായി കണക്കാക്കപ്പെടുന്നു. വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇത് ഒരു പ്രകൃതിദത്ത പരിഹാരമായി ഉപയോഗിച്ച് വരുന്നു. തുളസിയുടെ ചില ഗുണങ്ങൾ അറിയാം
പനി, ജലദോശം, അണുബാധ തുടങ്ങിയവയിൽ നിന്ന് സംരക്ഷിച്ച് ശരീരത്തിൻ്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ തുളസി സഹായിക്കുന്നു. ആൻ്റി ബാക്ടീരിയൽ, ആൻ്റി വൈറൽ, ആൻ്റി ഫംഗൽ ഗുണങ്ങളും തുളസിയിലുണ്ട്.
തുളസി ഒരു ആൻ്റി ബാക്ടീരിയൽ ഹെർബ് ആണ്. ചർമ്മത്തിലെ പാടുകളും മുഖക്കുരുവും ഇല്ലാതാക്കാൻ തുളസി സഹായിക്കുന്നു. ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായ തുളസി അകാല വാർദ്ധക്യവും തടയുന്നു.
തുളസിയിലുള്ള ഒസിമുമോസൈഡ്സ് A, B എന്നീ സംയുക്തങ്ങൾ സ്ട്രെസ്സ് കുറയ്ക്കുകയും തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളായ സെറോടോണിൻ, ഡോപാമൈൻ എന്നിവയെ സന്തുലിതമാക്കുകയും ചെയ്യുന്നു.
തുളസിക്ക് ഡൈയൂററ്റിക് ഗുണങ്ങളുണ്ട്. ശരീരത്തിലെ യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഇത് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയുകയും സന്ധിവാതം ബാധിച്ച രോഗികൾക്ക് ആശ്വാസം നൽകുകയും ചെയ്യുന്നു.
ശ്വാസകോശ രോഗങ്ങൾ കൈകാര്യം ചെയ്യാൻ തുളസി സഹായിക്കുന്നു. ആസ്ത്മ, ചുമ, ഇൻഫ്ലുവൻസ, ജലദോഷം, ബ്രോങ്കൈറ്റിസ് എന്നിവ മാറാനായി തുളസിയുടെ ഇലകളിലെ നീര് തേനും ഇഞ്ചിയും ചേർത്ത് കഴിക്കുന്നത് ഗുണം ചെയ്യും.
രക്തത്തിലെ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ഇസ്കെമിയ, സ്‌ട്രോക്ക് എന്നിവ തടയുകയും ചെയ്യുന്നതിലൂടെ ഹൃദ്രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനും തുളസി ഫലപ്രദമാണ്.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക