ദിവസേന കടയിൽ പോയി സാധനങ്ങൾ വാങ്ങിക്കുക എന്നത് ഇന്നത്തെ തിരക്കിട്ട ജീവിതത്തിൽ സാധ്യമല്ല. അതുകൊണ്ട് പലരും ചെയ്യുന്ന കാര്യമാണ് കുറച്ച് ദിവസത്തേക്കുള്ള പലചരക്കുകളും പച്ചക്കറികളും ഒന്നിച്ച് വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്.
നമ്മൾ വാങ്ങുന്നത് എല്ലാം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണോ എന്നും അത് ആരോഗ്യത്തിന് ഹാനികരമാണോ എന്നും പലരും ചിന്തിക്കാറില്ല. ഫ്രിഡ്ജിൽ ഒരിക്കലും വച്ച് ഉപയോഗിക്കാൻ പാടില്ലാത്ത നിരവധി ആഹാരസാധനങ്ങളുണ്ട്. അത് നമ്മുക്ക് നോക്കാം.
ഉള്ളി ഫ്രിഡ്ജിൽ സൂക്ഷിയ്ക്കുന്നതിലൂടെ അതിൻ്റെ ഈർപ്പം നഷ്ടപ്പെട്ട് വേഗം കേടാകും. അന്തരീക്ഷത്തിലെ സാധാരണ ഊഷ്മാവിൽ സൂക്ഷിക്കുമ്പോൾ ഉള്ളി എപ്പോഴും മികച്ചതായി ഇരിക്കുന്നു.
ബ്രഡ് ഫ്രിഡ്ജിൽ വച്ചാൽ പെട്ടെന്ന് ഡ്രൈയാകുകയും വേഗം പഴകുകയും ചെയ്യും. അഞ്ച് ദിവസം വരെ സാധാരണ ഊഷ്മാവിൽ ബ്രഡ് കേടാകില്ല.
തേൻ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അത് ക്രിസ്റ്റൽ രൂപത്തിലേക്ക് മാറും. തേൻ സാധാരണ ഊഷ്മാവിൽ ഈർപ്പമില്ലാത്ത സ്ഥലത്ത് സൂക്ഷിച്ച് വയ്ക്കുന്നതാണ് നല്ലത്.
ഉള്ളി പോലെ വെളുത്തുള്ളിയും വരണ്ട സ്ഥലമാണ് ഇഷ്ടപ്പെടുന്നത്. വെളുത്തുള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അത് മുളയ്ക്കാനും റബർ പോലെയാകാനും കാരണമാകുന്നു.
കാപ്പിപ്പൊടി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ രുചിയും മണവും നഷ്ടപ്പെടും. കാപ്പിക്ക് തണുത്ത താപനിലയെ നേരിടാൻ കഴിയില്ല. കാപ്പി ഒരു ഡിയോഡറൈസറായി പ്രവർത്തിക്കുന്നു, അത് നിങ്ങളുടെ ഫ്രിഡ്ജിലെ എല്ലാ മണങ്ങളും പിടിച്ചെടുക്കും.
ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അതിലെ അന്നജത്തെ പഞ്ചസാരയാക്കി മാറ്റുന്നു. ഇത് ഉരുളക്കിഴങ്ങിന്റെ രുചിയെയും ഘടനയെയും ബാധിക്കും. ഉരുളക്കിഴങ്ങ് സാധാരണ താപനിലയിൽ സൂക്ഷിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.