തിരക്കിട്ട പാചകത്തിനിടെയിൽ നമ്മുടെ ഇഷ്ടപ്പെട്ട കറികൾക്ക് എരിവ് കൂടി പോകുന്നത് സ്വഭാവികമാണ്. കൂടുതൽ എരിവ് കഴിക്കുന്നത് വയറിനെ അസ്വസ്ഥമാക്കുകയും ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ കഴിയാതെ വരികയും ചെയ്യും.
കറിക്ക് എരിവ് കൂടി പോയാല്‍ അത് കുറയ്ക്കാന്‍ സഹായിക്കുന്ന ചില പൊടിക്കൈകൾ ചുവടെ നൽകുന്നു.
കറിയിൽ എരിവ് കൂടിയാൽ കുറയ്ക്കാനായി ഉരുളകിഴങ്ങ് ചേർത്തുവരുന്നത് തലമുറകളായി ചെയ്തുവരുന്നതാണ്. ഉരുളകിഴങ്ങ് തൊലികളഞ്ഞ് ചേർത്താൽ ഒരു പരിധി വരെ എരിവുള്ള ഭക്ഷണത്തെ ശരിയാക്കി എടുക്കാം.
കറിയില്‍ എരിവ് കൂടിയാല്‍ കറിയിലേക്ക് കുറച്ച് പുളിയില്ലാത്ത കട്ടത്തൈര്, ക്രീം, തേങ്ങാപാൽ ഇവയിൽ ഏതെങ്കിലും ചേർത്താൽ എരിവ് കുറയ്ക്കാവുന്നതാണ്.
ടൊമാറ്റോ കെച്ചപ്പ് നിങ്ങളുടെ കറികളിലെ അമിതമായ എരിവ് കുറയ്ക്കാന്‍ സഹായിക്കും. ടൊമാറ്റോ കെച്ചപ്പിന് സാധാരണയായി മധുരവും പുളിയുമുള്ള സ്വാദാണ്. ഇത് ഒരു പരിധി വരെ കറിയുടെ എരിവു കുറയ്ക്കാന്‍ സഹായിക്കുന്നു.
കറിയിലേക്ക് അല്പം ചെറുനാരങ്ങാനീര്/വിനാഗിരി എന്നിവ ചേര്‍ക്കുന്നതും എരിവിനെ മയപ്പെടുത്തും. നാരങ്ങാനീര് ചേർക്കുന്നത് നിങ്ങള്‍ക്ക് പിന്തുടരാവുന്ന ഏറ്റവും ലളിതവും പഴയതുമായ മാര്‍ഗമാണ്. ഏതാണെങ്കിലും ചെറിയ അളവിൽ ചേർത്തില്ലെങ്കിൽ പുളി കൂടും.
കറിയില്‍ എരിവ് കൂടിയാല്‍ കുറച്ച് പച്ചക്കറി കഷ്ണങ്ങള്‍ ചേര്ത്തുകൊടുത്താലും എരിവ് കുറയും. ഭക്ഷണം ആരോഗ്യകരമാക്കാനും ഇത് വഴി സാധിക്കും. എന്നാല്‍ ജലാംശം കൂടുതലുള്ള കുമ്പളങ്ങ, മത്തങ്ങ പോലെയുള്ള പച്ചക്കറികൾ ചേർക്കാത്തതാണ് നല്ലത്.