പ്രവചനങ്ങളെ അട്ടിമറിച്ച വിജയം! ബലോൻ ദ് ഓർ പുരസ്കാരത്തിൽ മുത്തമിട്ട് റോഡ്രി, അയ്റ്റാന ബോൺമറ്റി മികച്ച വനിതാ താരം
കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരം ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രി സ്വന്തമാക്കി.
സ്പാനിഷ് ക്ലബ് ബാർസിലോനയുടെ മിഡ്ഫീൽഡർ അയ്റ്റാന ബോൺമറ്റി ഇത്തവണയും മികച്ച വനിതാ താരത്തിനുള്ള ബലോൻ ദ് ഓർ ഫെമിനിൻ പുരസ്കാരം നേടി.
മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ബാർസിലോനയുടെ സ്പാനിഷ് താരം ലമീൻ യമാൽ സ്വന്തമാക്കി.
മികച്ച കോൾകീപ്പർക്കുള്ള ലെവ് യാഷിൻ പുരസ്കാരം ആസ്റ്റൺ വില്ലയുടെ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് നിലനിർത്തി.
ബയൺ മ്യൂണിക്കിന്റെ ഹാരി കെയ്ൻ, ഫ്രഞ്ച് താരം കിലിയൻ എംബപ്പെ എന്നിവർ മികച്ച സ്ട്രൈക്കർക്കുള്ള ഗേർഡ് മുള്ളർ പുരസ്കാരം പങ്കിട്ടു.
കഴിഞ്ഞ സീസണിൽ 52 ഗോൾ വീതം നേടിയാണ് ഇരുവരും പുരസ്കാരം പങ്കിട്ടത്.
പുരുഷ ഫുട്ബോളിൽ മികച്ച പരിശീലകനുള്ള യൊഹാൻ ക്രൈഫ് പുരസ്കാരം റയൽ മഡ്രിഡിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി സ്വന്തമാക്കി.
വനിതാ ഫുട്ബോളിലെ മികച്ച പരിശീലകയ്ക്കുള്ള യൊഹാൻ ക്രൈഫ് പുരസ്കാരം ചെൽസി, യുഎസ്എ ടീമുകളുടെ പരിശീലകനായ എമ്മ ഹെയ്ൽസ് സ്വന്തമാക്കി.
ഫുട്ബോളിലൂടെയുള്ള സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള പ്രവർത്തനങ്ങൾക്കുള്ള സോക്രട്ടീസ് പുരസ്കാരം സ്പാനിഷ് വനിതാ താരം ജെന്നിഫർ ഹെർമോസോ സ്വന്തമാക്കി.
കഴിഞ്ഞ സീസണിൽ ചാംപ്യൻസ് ലീഗ്, ലാ ലിഗ കിരീടങ്ങൾ സ്വന്തമാക്കിയ റയൽ മഡ്രിഡാണ് പുരുഷ വിഭാഗത്തിൽ മികച്ച ക്ലബ്.
കഴിഞ്ഞ സീസണിൽ ലാലിഗ, വനിതാ ചാംപ്യൻസ് ലീഗ് കിരീടങ്ങൾ നിലനിർത്തിയതിന്റെ പകിട്ടിൽ വനിതാ വിഭാഗത്തിൽ മികച്ച ക്ലബായി ബാർസിലോനയെ തിരഞ്ഞെടുത്തു.