മലയാളികളുടെ പ്രിയ മത്സ്യമാണ് മത്തി അഥവാ ചാള. മുളകിട്ടും തേങ്ങയരച്ചും വറുത്തുമൊക്കെ നമ്മൾ കഴിക്കുന്ന മത്തി കാണാൻ കുഞ്ഞനാണെങ്കിലും ആരോഗ്യ ഗുണങ്ങളിൽ കേമനാണ്.
ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിന് മത്തി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. മലയാളികളുടെ പ്രിയ മത്തി കഴിച്ചതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.
ശരീരത്തിന് ഏറെ ആവശ്യമുള്ള ഒമേഗ 3 ഫാറ്റി ആസിഡ് മത്തിയിൽ ധാരാളമടങ്ങിയിരിക്കുന്നു. ഇത് ഹൃദയരോഗങ്ങളെ ചെറുക്കാനും രക്തസമ്മര്‍ദം കുറക്കാനും ഏറെ സഹായിക്കുന്നു.
മത്തിയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന പ്രോട്ടീൻ പേശികളുടെ പരിപാലനത്തിനും ശരീരത്തിൻ്റെ വളർച്ചയ്ക്കും സഹായിക്കുന്നു.
മത്തിയില്‍ വിറ്റാമിൻ എ, ഡി, ബി 12. എന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ബി12 രക്തത്തെയും നാഡീവ്യവസ്ഥയെയും ആരോഗ്യമായി നിലനിർത്താൻ സഹായിക്കുന്നു.
മത്തിയിൽ കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗങ്ങൾ തടയുന്നതിനും മത്തി കഴിക്കുന്നത് നല്ലതാണ്.
രക്തം കട്ട പിടിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങൾ തടയുന്നതിനും രക്തകുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും മത്തി കഴിക്കുന്നത് സഹായിക്കുന്നു.
മത്തി കുട്ടികളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് അവരുടെ തലച്ചോര്‍ വികസിക്കുന്നതിനും ശരീര വളർച്ചയ്ക്കും മികച്ചതാണ്. ചെറിയ കുട്ടികൾക്ക് സുരക്ഷിതമായിട്ട് നൽകാവുന്ന മത്സ്യമാണ് മത്തി.