നിരവധി ആരോഗ്യ ഗുണങ്ങളുള്ള ജനപ്രിയ പാനീയമാണ് ഓറഞ്ച് ജ്യൂസ്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ വർധിപ്പിക്കാൻ ഓറഞ്ച് ജ്യൂസ് ദിവസവും ഡയറ്റിൽ ഉൾപ്പെടുത്താം.
ദിവസവും ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കൊണ്ട് ശരീരത്തിലുണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ചൂടുള്ള കാലാവസ്ഥയിലും വ്യായാമത്തിന് ശേഷവും ശരീരത്തിലെ ജലാംശം വർധിപ്പിക്കാൻ സഹായിക്കുന്ന രുചിയേറിയ ഒരു പാനീയമാണ് ഓറഞ്ച് ജ്യൂസ്. ശാരീരിക പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടത്താൻ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.
ഓറഞ്ച് ജ്യൂസിൽ ധാരാളമായി വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. കണ്ണിൻ്റെ ആരോഗ്യത്തിന് ആവശ്യമുള്ള ഒന്നാണ് വിറ്റാമിൻ സി. തിമിരം, മാക്യൂലർ ഡീജനറേഷൻ എന്നീ നേത്രരോഗങ്ങളിൽ നിന്ന് രക്ഷനേടാൻ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് സഹായിക്കും.
ഓറഞ്ച് ജ്യൂസിൽ അടങ്ങിയിരിക്കുന്ന നാച്ചുറൽ ഷുഗർ എനർജി ബൂസ്റ്റ് ശരീരത്തിന് നൽകുന്നു. അതുകൊണ്ട് രാവിലെ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. എന്നാൽ മിതമായ അളവിൽ മാത്രമേ ഇത് കുടിക്കാൻ പാടുള്ളു.
നിങ്ങളുടെ ചർമ്മത്തിൻ്റെ ആരോഗ്യത്തിന് ആവശ്യമായ കൊളാജൻ രൂപീകരണത്തിന് വിറ്റാമിൻ സി അത്യാവശ്യമാണ്. ദിവസവും ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും ചുളിവുകൾ കുറയ്ക്കാനും നിറം വർധിപ്പിക്കാനും സഹായിക്കുന്നു.
നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് വിറ്റാമിൻ സി ഗുണം ചെയ്യുമെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് സഹായിക്കുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക