ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഇന്ന് പലരും നേരിടുന്ന ആരോഗ്യപ്രശ്നമാണ്. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിത വണ്ണം, പുകവലി തുടങ്ങിയവ രക്തസമ്മർദ്ദം ഉയർത്താൻ കാരണമാകും.
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ഭക്ഷണക്രമം നിർണായക പങ്കാണ് വഹിക്കുന്നത്. ബിപി നിയന്ത്രിക്കുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്.
ബേക്കറുകളിലോ സൂപ്പർമാർക്കറ്റുകളിലോ ലഭിക്കുന്ന ബ്രെഡിൽ വലിയ അളവിൽ ഉപ്പ് അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ രക്തസമ്മർദ്ദം വർധിപ്പിക്കും. വെളുത്ത ബ്രെഡിൻ്റെ ഒരു കഷ്ണത്തിൽ 80-230 മില്ലിഗ്രാം ഉപ്പ് അടങ്ങിയിരിക്കാം.
രക്തസമ്മർദ്ദത്തിൻ്റെ അളവിനെ സ്വാധീനിക്കാൻ അരിക്ക് കഴിയും. ഹാർവാർഡ് മെഡിക്കൽ സ്കൂൾ നടത്തിയ പഠനത്തിൽ വെളുത്ത നീളമുള്ള അരിയുടെ പതിവ് ഉപയോഗം ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി.
ഉരുളക്കിഴങ്ങ് ഡയറ്റിൽ ഒരുപാട് ഉൾപ്പെടുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. ഉരുളക്കിഴങ്ങിൽ ഉയർന്ന സോഡിയം അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദ്ദമുള്ള രോഗികൾ ജാഗ്രത പാലിക്കണം
പഞ്ചസാര ധാരാളമടങ്ങിയ മധുരമുള്ള പാനീയങ്ങൾ മുതിർന്നവരിലും കുട്ടികളിലും ശരീരഭാരം വർധിപ്പിക്കുന്നു. അമിതഭാരവും പൊണ്ണത്തടിയും ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നു.
ഏത് ഭക്ഷണവും ദീർഘനാളത്തേക്ക് സൂക്ഷിക്കാൻ ഉപ്പ് ആവശ്യമാണ്. അച്ചാറുകളിൽ അടങ്ങിയിരിക്കുന്ന അമിതമായ ഉപ്പ് രക്തസമ്മർദ്ദം വർധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യും.
തക്കാളി സോസുകൾ, പാസ്ത സോസുകൾ, തക്കാളി ജ്യൂസുകൾ എന്നിവയിൽ സോഡിയം കൂടുതലാണ്. ഇത് നിങ്ങളുടെ രക്തസമ്മർദ്ദം വർധിപ്പിക്കാൻ കാരണമാകുന്നു, പ്രത്യേകിച്ചും നിങ്ങൾക്ക് ഇതിനകം ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കിൽ.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്