രുചികരമായ എല്ലാ ഇന്ത്യൻ വിഭവങ്ങളുടെയും നട്ടെല്ലാണ് അതിൽ ചേർക്കുന്ന സുഗന്ധവ്യഞ്ജനങ്ങളും അവ ചേർത്തുണ്ടാക്കുന്ന മസാലകളും. സുഗന്ധവ്യഞ്ജനങ്ങൾ അവയുടെ മണവും രുചികരമായ ഗുണങ്ങളും നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാൻ, അവ ശരിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്.
ഈർപ്പമുള്ള കാലാവസ്ഥ കാരണം ഈ സുഗന്ധവ്യഞ്ജനങ്ങളിൽ ബാക്ടീരിയകൾ കയറാനും കട്ടപിടിക്കാനുമൊക്കെ സാധ്യതയുണ്ട്. നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ രുചിയും മണവും പുതുമയും ഉറപ്പാക്കാൻ ചില നുറുങ്ങുകൾ ഇതാ:
വായുവും ഈർപ്പവും കടക്കാതെ സുഗന്ധവ്യഞ്ജനങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഏറ്റവും അടിസ്ഥാനപരമായ മാർഗം വായു കടക്കാത്ത പാത്രങ്ങളിൽ അത് സൂക്ഷിക്കുക എന്നതാണ്. മുറുകിയ അടപ്പുള്ള ഗ്ലാസ് ജാറുകളാണ് സ്പൈസസ് സൂക്ഷിക്കാൻ ഉത്തമം.
അടുപ്പുകൾ, ഓവൻ എന്നിവയിൽ നിന്ന് നേരിട്ട് ചൂട് കൊള്ളുന്ന രീതിയിൽ സുഗന്ധവ്യഞ്ജനങ്ങൾ സൂക്ഷിക്കരുത്. ചൂട് സുഗന്ധവ്യഞ്ജനങ്ങളിലെ അവശ്യ എണ്ണകൾ ഇല്ലാതാക്കുകയും മണവും രുചിയും നഷ്ടപ്പെടുത്തുകയും ചെയ്യും. ഡ്രൈയായിട്ടുള്ള സ്ഥലങ്ങളിൽ സൂക്ഷിച്ച് വയ്ക്കുക.
കറുവപ്പട്ട അല്ലെങ്കിൽ ഏലയ്ക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ പൊടിക്കാതെ മുഴുവനായി സൂക്ഷിച്ചാൽ കൂടുതൽ കാലം ഫ്രഷായി ഉപയോഗിക്കാം. നിങ്ങളുടെ വിഭവങ്ങൾക്ക് രുചി കൂട്ടാൻ അവ ആവശ്യാനുസരണം പൊടിച്ചെടുക്കുക.
ഗ്രാമ്പൂ, ഏലയ്ക്ക, വഴനയില, മല്ലി വിത്തുകൾ എന്നിവ വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കുന്നതിന് മുമ്പ്, ഒരു നോൺസ്റ്റിക് പാനിൽ കുറഞ്ഞ തീയിൽ വറുത്തെടുക്കുക. സുഗന്ധവ്യഞ്ജനങ്ങളുടെ മണവും രുചിയും വർധിപ്പിക്കാനും നിലനിർത്താനും ഈ രീതി സഹായിക്കും.
പാചകം ചെയ്യുന്ന തിരക്കിനിടയിൽ പലരും മസാലകൾ എടുക്കാനായി നനഞ്ഞ സ്പൂണുകൾ ഉപയോഗിച്ചേക്കാം. ഇത് മസാലകൾ കട്ടപിടിക്കാനും രുചി നഷ്ടമാകാനും കാരണമാകും. മണവും രുചിയും നിലനിർത്താൻ ഡ്രൈ സ്പൂണുകൾ ഓരോ മസാലയ്ക്കും കണ്ടെയ്നറുകളിൽ സൂക്ഷിക്കുക.