ഒരു യാത്രയ്ക്ക് പോകാനായി തയ്യാറെടുക്കുമ്പോൾ പല കാര്യങ്ങളും നമ്മൾ പ്ലാൻ ചെയ്യാറുണ്ട്. പോകുന്ന റൂട്ട് മുതൽ താമസിക്കേണ്ട ഹോട്ടലുകൾ വരെ. എന്നാൽ പലരും ഒരു പരിധിക്കപ്പുറം ശ്രദ്ധ പുലർത്താത്ത ഒന്നാണ് ഭക്ഷണം.
ചിലർ പോകുന്ന വഴിയിൽ കാണുന്ന ഏതെങ്കിലും ഹോട്ടലുകളിൽ കയറി കഴിക്കും. ചിലർ ഹോട്ടലുകൾ പ്ലാൻ ചെയ്തും പോകാറുണ്ട്. പലപ്പോഴും യാത്രയ്ക്കിടെ ഭക്ഷണം വില്ലനായി മാറിയേക്കാം. യാത്ര പോകുമ്പോൾ ഭക്ഷണകാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം
യാത്രയ്ക്കിടെ കൊറിക്കാനായി പാക്ക്ഡ് ചിപ്സ്, കുക്കീസ്, കേക്ക്, മറ്റ് വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കി കശുവണ്ടി, ബദാം, പിസ്ത, കപ്പലണ്ടി തുടങ്ങിയവ കൈയ്യിൽ കരുതാം.
ശരീരത്തിൽ നിർജ്ജലീകരണം ഒഴിവാക്കാൻ യാത്രയ്ക്കിടെ ചായ, കാപ്പി, മധുരമുള്ള പാനീയങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
ശുദ്ധമായ കുടിവെള്ളം ആവശ്യത്തിന് കൈയ്യിൽ കരുതണം. കഴിയുന്നതും പുറത്ത് നിന്ന വെള്ളം വാങ്ങി കുടിക്കുന്നത് ഒഴിവാക്കുന്നത് യാത്ര ചെയ്യുമ്പോൾ നല്ലത്. വെള്ളത്തിൽ നിന്ന് വരുന്ന രോഗങ്ങൾ നിന്ന് രക്ഷനേടാൻ ഇത് സഹായിക്കും.
യാത്ര ചെയ്യുമ്പോൾ ധാരാളം എണ്ണമയമുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. പുറത്തുനിന്ന് വറുത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അത് വറുത്ത എണ്ണയുടെ ഗുണമേന്മ ഉറപ്പാക്കാൻ കഴിയില്ല.
രാവിലത്തെ ഭക്ഷണം ഒഴിവാക്കരുത്. രാവിലെ നന്നായി ഭക്ഷണം കഴിക്കുകയും രാത്രിയിൽ ലഘുവായി ഭക്ഷണം കഴിക്കുകയും ചെയ്യുക. കഴിക്കുന്ന ഭക്ഷണത്തിൻ്റെ അളവിൽ നിയന്ത്രണം വേണം. വയറുനിറയെ ഭക്ഷണം കഴിച്ചതിന് ശേഷം യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.