ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. രാത്രി ഭക്ഷണം കഴിഞ്ഞ് നീണ്ട ഇടവേളയ്ക്ക് ശേഷം കഴിക്കുന്നതിനാൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ രാവിലെ കഴിക്കേണ്ടത് അത്യാവശ്യമാണ്.
പലരും അവരുടെ തിരക്കുമൂലം പ്രാതൽ ഒഴിവാക്കുകയും ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാതെയിരിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇത് അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ദോഷമായി ബാധിച്ചേക്കാം
പ്രാതൽ ഒഴിവാക്കുന്നത് ശരീരഭാരം വർധിപ്പിച്ചേക്കും. രാവിലത്തെ ഭക്ഷണം കഴിക്കാതെ മറ്റ് സമയങ്ങളിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കും. പ്രാതൽ ഒഴിവാക്കുന്നവരിൽ വണ്ണംകുറയുന്ന പ്രക്രിയ വേഗത്തിൽ ആയിരിക്കില്ലെന്നും പഠനങ്ങൾ പറയുന്നു.
പ്രാതൽ ഒഴിവാക്കുന്നവരിൽ ഹൃദ്രോഗസാധ്യത കൂടുതലായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രാതൽ ഉപേക്ഷിക്കുന്നവർക്ക് അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തി കൂടിയേക്കും. ഇത് ഹൃദയാരോഗ്യത്തെ ബാധിക്കും.
പ്രാതൽ മാനസികാവസ്ഥയെയും ബാധിക്കുന്ന പ്രധാനഘടകമാണ്. പ്രാതൽ ഒഴിവാക്കുമ്പോൾ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. ഇത് ആ വ്യക്തിയെ അസ്വസ്ഥനാക്കുകയും ശരീരത്തിലെ കോർട്ടിസോൾ അളവ് വർധിച്ച് മാനസികസമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യുന്നു.
പ്രാതൽ ഒഴിവാക്കുമ്പോൾ ഉണ്ടാകുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ഭക്ഷണം കഴിക്കാതെ വിശന്നിരിക്കുമ്പോൾ അടുത്ത ഭക്ഷണം ദഹിപ്പിക്കാനുള്ള ആസിഡുകൾ ശരീരം തന്നെ ആമാശയത്തിൽ റിലീസ് ചെയ്യും.
വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ തുടങ്ങിയ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ പറ്റിയ മികച്ച സമയമാണ് പ്രാതൽ. പ്രാതൽ ഒഴിവാക്കുമ്പോൾ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെയിരിക്കുകയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക