വേനൽക്കാലമായതിൽ പിന്നെ ശരീരം തണുപ്പിക്കാൻ ഓരോ വഴികൾ തേടുകയാണ് നാം എല്ലാം. എസി വാങ്ങുന്നവരുടെ എണ്ണവും കൂടി വരികയാണ്. ഇത്തവണ ചുട്ടുപൊള്ളുന്ന വെയിലും ചൂടുമാണ്.
മുതിർന്നവരെപ്പോലെ തന്നെ ശ്രദ്ധ കുട്ടികളിലും വേണം. വേനലവധി ആയതിനാൽ തന്നെ വീടുകളിൽ നിന്ന് പുറത്തു പോയി കളിക്കുന്നവരാണ് മിക്കവരും.
കുട്ടികളുടെ ചർമ്മ സംരക്ഷണത്തിനും മറ്റുമായി നമ്മൾ ഏറെ കരുതൽ നൽകേണ്ടതുണ്ട്. ഇതിന് പ്രകൃതിദത്തമായ ഒരുപാട് വഴികൾ നമുക്ക് ലഭ്യമാണ്. ഭക്ഷ്യയോഗ്യമായ നിരവധി ഔഷധങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. ഇത് കുട്ടികൾക്കും വളരെ നല്ലതാണ്.
വേനൽക്കാലത്ത് മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ സൂര്യതാപവും മറ്റും ഏൽക്കുന്നതിന് സാധ്യതകളേറെയാണ്. കുട്ടികളുടെ ശരീരത്തെയും ചർമ്മത്തെയും തണുപ്പിച്ച് അവരെ സംരക്ഷിക്കാൻ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം..
ഇന്ത്യയിൽ സാധാരണയായി ലഭ്യമായിട്ടുള്ള ഒന്നാണ് ആര്യവേപ്പ് (Neem). ആൻറി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങളുള്ള ഒരു സസ്യമാണിത്. കുളിക്കുന്ന വെള്ളത്തിൽ വേപ്പില ചേർത്ത് വെയിലത്ത് 30 മിനിറ്റോളം വയ്ക്കുന്നത് ബാക്ടീരിയ, ഫംഗസ് അണുബാധകളിൽ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു.
വേനൽക്കാലത്ത് ഉപയോഗിക്കാൻ കഴിയുന്ന ഒരു സസ്യമാണ് കറ്റാർ വാഴ. ശരീരം തണുപ്പിക്കുന്നതിനും, ചർമ്മസംരക്ഷണത്തിനും അനുയോജ്യമായ സസ്യമാണിത്. ഇത് ചർമ്മത്തെ സൂര്യതാപത്തിൽ നിന്ന് സംരക്ഷിക്കുന്നു. കറ്റാർവാഴ ജ്യൂസ് കുട്ടികൾക്ക് നൽകാവുന്നതാണ്.
നമ്മുടെ അടുക്കളകളിൽ സാധാരണയായി കാണുന്നതാണ് പുതിന. പുതിനയിൽ ഫൈറ്റോ ന്യൂട്രിയൻ്റുകളും വൈറ്റമിൻ സിയും അടങ്ങിയിട്ടുണ്ട്. പുതിനയുടെ മെന്തോൾ ഘടകം ചർമ്മത്തിനും ശരീരം തണുപ്പിക്കുന്നതിനും ഉത്തമമാണ്. ഈ വേനൽക്കാലത്ത് പുതിന ചേർത്തുള്ള ജ്യൂസ് കുട്ടികൾക്ക് നൽകാം.
മല്ലിയിലയിൽ ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളമുണ്ട്. ശരീരതാപനില കുറയ്ക്കാനുള്ള ഗുണങ്ങൾ മല്ലിയിലയ്ക്കുണ്ട്. കഴിക്കുന്ന ഭക്ഷണങ്ങളിൽ മല്ലിയില ചേർക്കാവുന്നതാണ്.
നീർജ്ജലീകരണം തടയാൻ കുട്ടികൾക്ക് ആവശ്യത്തിന് വെള്ളം നൽകുക. ഫ്രഷ് ജ്യൂസുകളും നൽകാം.