ഗർഭകാലത്ത് സ്ത്രീകൾ അവരുടെയും കുഞ്ഞിൻ്റെയും ആരോഗ്യത്തിനും പോഷണങ്ങൾ ലഭിക്കുന്നതിനും നന്നായി ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഗർഭാവസ്ഥയിൽ ചില കാരണങ്ങൾ മൂലം നിങ്ങൾക്ക് ഇഷ്ടപ്പെട്ട ചില ഭക്ഷണങ്ങൾ ഉപേക്ഷിക്കേണ്ടി വന്നേക്കാം.
സ്രാവ്, വാള, അയല, അയക്കൂറ തുടങ്ങിയ മെർക്കുറി കൂടുതലുള്ള മത്സ്യങ്ങൾ ഗർഭിണികൾ ഒഴിവാക്കുക. മെർക്കുറി വളരെ വിഷാംശമുള്ള മൂലകമാണ്. ഇത് കൂടിയ അളവിൽ ഉള്ളിലേക്ക് പോയാൽ നിങ്ങളുടെ നാഡീവ്യൂഹം, രോഗപ്രതിരോധ സംവിധാനം, വൃക്ക എന്നിവയെ ബാധിക്കും.
ശരീരത്തിൽ അണുബാധയുണ്ടാകുന്നത് തടയാൻ വേവിക്കാത്ത ഇറച്ചി, മത്സ്യം എന്നിവ കഴിക്കുന്നത് പൂർണമായും ഒഴിവാക്കുക. ബാക്ടീരിയകൾ നിങ്ങളുടെയും നിങ്ങളുടെ കുഞ്ഞിൻ്റെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയായേക്കാം.
കാപ്പി, ചായ, ശീതളപാനീയങ്ങൾ, കൊക്കോ എന്നിവയിലെല്ലാം കഫീൻ അടങ്ങിയിട്ടുണ്ട്. കഫീൻ അമിതമായി കഴിക്കുന്നത് നിങ്ങളുടെ ഗർഭധാരണത്തെ ദോഷമായി ബാധിച്ചേക്കാം. ഗർഭകാലത്ത് പ്രതിദിനം 200 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ ഉപയോഗിക്കരുത്.
ഗർഭകാലത്തുള്ള മദ്യപാനം ഗർഭധാരണ നഷ്ടം, ഫെറ്റൽ ആൽക്കഹോൾ സിൻഡ്രോം എന്നിവയിലേക്ക് നയിക്കും. ഇത് ഗർഭസ്ഥശിശുവിൻ്റെ ഹൃദയം, തലച്ചോർ ഉൾപ്പെടെയുള്ളവയുടെ വികസനത്തെ ബാധിക്കും.
വേവിക്കാത്ത മുട്ടകളിൽ സാൽമൊണല്ല ബാക്ടീരിയ അടങ്ങിയിരിക്കുന്നു. സാൽമൊണല്ല അണുബാധ മൂലം പനി, ഛർദ്ദി, വയറിളക്കം, മലബന്ധം എന്നിവയുണ്ടാകാം. ഇത് മാസം തികയാതെയുള്ള ജനനത്തിലേക്ക് നയിച്ചേക്കാം.
ഹോട്ട് ഡോഗ്, പെപ്പറോണി, ഡെലി മാംസം എന്നിവ പ്രോസസ്സ് ചെയ്യുമ്പോഴും സൂക്ഷിക്കുമ്പോഴും വിവിധ ബാക്ടീരിയകൾ ബാധിച്ചേക്കാം. കൂടാതെ, സംസ്കരിച്ച മാംസത്തിൽ ഉയർന്ന അളവിലുള്ള സോഡിയവും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയിരിക്കാം.
സംസ്കരിച്ച ഭക്ഷണങ്ങളിൽ പോഷകങ്ങൾ കുറവും കലോറി, പഞ്ചസാര, കൊഴുപ്പ് എന്നിവ കൂടുതലും ഉള്ളതിനാൽ അവ ശരീരഭാരം കൂട്ടാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഗർഭാവസ്ഥയിൽ, പ്രോട്ടീൻ, ഫോളേറ്റ്, കോളിൻ, ഇരുമ്പ് തുടങ്ങിയ പോഷകങ്ങൾ നന്നായി കഴിക്കുക.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക