ഓണമെന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ രുചിയൂറും. തിരുവോണ നാളിൽ തൂശനിലയിൽ വിളമ്പുന്ന ഓണസദ്യ ഏതൊരു മലയാളിയുടെയും നാവിൽ കപ്പലോടിക്കും. സദ്യയിൽ വിളമ്പുന്ന ഈ പരമ്പരാഗത വിഭവങ്ങൾ കൂട്ടി ഈ തിരുവോണം നമ്മൾക്ക് പൊളിച്ചാലോ?
വിവിധ ഇനം പച്ചക്കറികളുടെ കൂടിച്ചേരലാണ് അവിയൽ. അവിയലിൽ ചേരാത്തതായി ഒന്നുമില്ലെന്ന് പഴമക്കാർ പറയാറുണ്ട്. തേങ്ങയുടെ അരപ്പ് അവിയലിൽ പ്രധാന ചേരുവയാണ്.
സദ്യയിലെ പ്രധാനപ്പെട്ട കറിയും ആദ്യം വിളമ്പുന്നതുമായ വിഭവമാണ് പച്ചടി. തൈര്, ചിരകിയ തേങ്ങ എന്നിവയോടൊപ്പം വെള്ളരിക്ക, ബീറ്റ്റൂട്ട്, കുമ്പളങ്ങ, പൈനാപ്പിൾ തുടങ്ങിയവയിൽ ഏത് ഉപയോഗിച്ചും പച്ചടി തയ്യാറാക്കാം.
ഓണസദ്യയിലെ ഒഴിച്ചു കറികളിൽ പ്രധാനിയാണ് സാമ്പാർ. പലയിനം പച്ചക്കറികൾ, പരിപ്പ്, മസാലകൾ എന്നിവയാണ് സാമ്പാർ തയ്യാറാക്കാൻ ഉപയോഗിക്കുന്നത്. ഇതിലേക്ക് തേങ്ങ അരച്ച് പല സ്ഥലങ്ങളിലും വറുത്തരച്ച സാമ്പാറും ഉണ്ടാക്കാറുണ്ട്.
അവസാനം മോര് കറി അല്ലെങ്കിൽ പുളിശ്ശേരി ഒഴിച്ച് ചോറുണ്ട് വേണം സദ്യ അവസാനിപ്പിക്കാൻ. തൈരിൽ കറിവേപ്പില, വറ്റൽ മുളക്, കടുക് എന്നിവയിട്ട് കാച്ചുന്നതാണ് മോര് കറി.
കേരളത്തിൽ ഏറ്റവും പ്രശസ്തമായ പായസങ്ങളിലൊന്നാണ് അടപ്രഥമൻ. അട, ശർക്കര, തേങ്ങാപാൽ എന്നിവയാണ് അടപ്രഥമൻ്റെ പ്രധാന ചേരുവകൾ. ഓണസമയത്ത് വീടുകളിൽ പാചകം ചെയ്യുന്ന പായസങ്ങളിലൊന്നാണ് അടപ്രഥമൻ.
പായസം ഇല്ലെങ്കിൽ ഓണസദ്യ ഒരിക്കലും പൂർണമാവില്ല. ഓണസദ്യയിൽ പായസത്തിന് അത്രയേറെ പ്രാധാന്യമുണ്ട്. പായസങ്ങളിൽ മുന്നിൽ നിൽക്കുന്ന ഒരു പായസമാണ് പാലട. അട, പാൽ, പഞ്ചസാര, നെയ്യ് എന്നിവയാണ് പാലട പായസത്തിൻ്റെ ചേരുവകൾ.