മലയാളികൾ നെഞ്ചിലേറ്റിയ പ്രിയ താരമാണ് നവ്യ നായർ. നന്ദനം എന്ന ഒറ്റ ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നവ്യ നായർ മലയാളത്തിന് പുറമേ തമിഴ്, കന്നട സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തൻ്റെ ഡ്രീം കാർ സ്വന്തമാക്കി എന്ന പുതിയ വിശേഷമാണ് നവ്യ നായർ ആരാധകരെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.
തൻ്റെ യാത്രകൾക്ക് കൂട്ടായി ആഡംബര വാഹനമായ ബിഎംഡബ്ല്യൂ എക്സ് 7 40i ആണ് നവ്യ നായർ സ്വന്തമാക്കിയത്. ഏകദേശം 1.30 കോടി രൂപയാണ് വാഹനത്തിൻ്റെ എക്സ് ഷോറൂം വില.
’എന്റെ കുടുംബത്തിലേക്ക് പുതിയൊരാളെ കൂടി സ്വാഗതം ചെയ്യുന്നതിനാല്‍ ഈ പ്രത്യേക നിമിഷത്തില്‍ എന്നോടൊപ്പം ചേരൂ – ഈ യാത്ര അവിശ്വസനീയമായിരുന്നു, നിങ്ങളുമായി ഇത് പങ്കിടാതെ പറ്റില്ല’ നവ്യ കുറിച്ചു.
മൂന്ന് ലീറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 381 പിഎസ് കരുത്തും 520 എൻഎം ടോർക്കുമുണ്ട്. ആഡംബരത്തിനും സുരക്ഷയ്ക്കും ഡ്രൈവിങ് കംഫർട്ടിനും ഒരുപോലെ പ്രാധാന്യം നൽകി പുറത്തിറക്കിയ വാഹനമാണ് എക്സ് 7.
ദിലീപ് ചിത്രം ഇഷ്ടത്തിലൂടെ 2001ലാണ് നവ്യ ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. എന്നാൽ നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനംകവർന്ന നവ്യ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമരംഗത്ത് സജീവമാകുകയാണ്.
ജാനകി ജാനെയാണ് നവ്യയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഇപ്പോള്‍ നൃത്തവുമായി സജീവമായി നില്‍ക്കുകയാണ് താരം. സ്വന്തമായി ഒരു ഡാന്‍സ് സ്കൂളും നവ്യ തുടങ്ങിയിട്ടുണ്ട്. ഒപ്പം ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലാണ് താരം.
സൗബിൻ ഷാഹിറിനോടൊപ്പം പാതിരാത്രി എന്ന ചിത്രത്തിലാണ് നവ്യ അഭിനയിക്കുന്നത്. റത്തീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയെ നായകനാക്കി സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന വരാഹം ആണ് നവ്യയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം