മുംബൈ: ജീവനക്കാര്‍ക്ക് ആഡംബരകാറുകളും വിലകൂടിയ രത്‌നങ്ങളും ഒക്കെ സമ്മാനം നല്‍കുന്ന മുതലാളിമാരെ കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴും വൈറല്‍ ആകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത ആരേയും ഒന്ന് അമ്പരപ്പിക്കും. കമ്പനി ഉടമ, തന്റെ ജീവനക്കാരന് നല്‍കിയത് ഒരു ആഡംബര വസതിയാണ്, അതും 1,500 കോടി രൂപ വില വരുന്ന ഒരു അസാധ്യ വീട്.
ആരാണ് ആ കമ്പനി മുതലാളി എന്നല്ലേ...? ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി തന്നെയാണ് ആ വ്യക്തി. ഈ സമ്മാനം ലഭിക്കുന്നതാകട്ടെ, റിലയന്‍സില്‍ ജീവനക്കാരനായി തുടങ്ങി ഒടുവില്‍ മുകേഷ് അംബാനിയുടെ വലംകൈ ആയി മാറിയ മനോദ് മോദിയ്ക്കാണ്. ആരാണ് മനോജ് മോദി എന്ന ചോദ്യം തന്നെയാകും ഇത് വായിക്കുന്നവരുടെ ഉള്ളില്‍ ആദ്യം ഉയരുന്നത്. 1,500 കോടി രൂപ മൂല്യമുള്ള ഒരു ആഡംബര വസതി സമ്മാനിക്കാന്‍ മാത്രം എന്ത് പ്രത്യേകതയാണ് മനോജ് മോദിയ്ക്കുള്ളത് എന്നും സംശയിക്കും.
Read Also: നടൻ മാമുക്കോയ അന്തരിച്ചു
നിലവില്‍ റിലയന്‍സ് റീട്ടെയിലിന്റേയും റിലയന്‍സ് ജിയോയുടേയും ഡയറക്ടര്‍ ആണ് മനോജ് മോദി. ധീരുഭായ് അംബാനി റിലയന്‍സിനെ നയിച്ചിരുന്ന കാലം മുതല്‍, അതായത് 1980 കള്‍ മുതല്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മനോജ് മോദി. മുകേഷ് അംബാനിയും അനില്‍ അംബാനിയും പിരിഞ്ഞപ്പോള്‍ മുകേഷിനൊപ്പം നിന്നു. പിന്നെ, പടിപടിയായി വളര്‍ന്ന് ഇന്നത്തെ നിലയില്‍ എത്തി. ഇത്രയൊക്കെ വളര്‍ന്നിട്ടും മനോജ് മോദിയെ കുറിച്ച് പൊതുസമൂഹത്തിന് വലിയ ധാരണയൊന്നും ഇല്ല. സാമൂഹ്യമാധ്യമങ്ങളില്‍ എവിടേയും അദ്ദേഹത്തിന്റെ സാന്നിധ്യവും ഇല്ല. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഒപ്പമാണ് അദ്ദേഹത്തിന്റെ താമസം.
വെറും ഒരു ജീവനക്കാരന്‍ എന്ന് മനോജ് മോദിയെ വിശേഷിപ്പിക്കാന്‍ ആവില്ല. കാരണം, കോളേജ് കാലം മുതലേ മുകേഷ് അംബാനിയുടെ സുഹൃത്തും സഹപാഠിയും ആണ്. ബോംബെ യൂണിവേഴ്‌സിറ്റിയില്‍ കെമിക്കല്‍ എന്‍ജിനീയറിങ് ഒരുമിച്ച് പഠിച്ചവരാണ് രണ്ടുപേരും. മുകേഷ് അംബാനി ഇന്നത്തെ നിലയിലേക്ക് വളര്‍ന്നതിന് പിന്നില്‍ മനോജ് മോദിയുടെ അകൈതവമായ പിന്തുണയും ഒരു പ്രധാനകാരണമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ശതകോടികളുടെ ഒരുപാട് ഇടപാടുകള്‍ റിലയന്‍സിലേക്ക് കൊണ്ടുവന്നത് മനോജ് മോദി ആയിരുന്നു. 2020 ല്‍ ഫേസ്ബുക്കുമായുള്ള 43,000 കോടി രൂപയുടെ ഇടപാടിലും മുഖ്യപങ്ക് വഹിച്ചത് മനോജ് മോദി തന്നെ ആയിരുന്നു.
Read Also: മുകേഷ് അംബാനിയുടെ കുക്കിൻറെ ഒരു മാസത്തെ ശമ്പളം കേട്ടാൽ നിങ്ങൾ ഞെട്ടും!
ഇനി സമ്മാനം നല്‍കിയ ആ വീടിനെ കുറിച്ച് പറയാം. സൗത്ത് മുംബൈയില്‍ മലബാര്‍ ഹില്‍സിന് സമീപം നേപ്പിയന്‍ സീ റോഡില്‍ ആണ് ഈ ആഡംബര വസതിയുള്ളത്. വൃന്ദാവന്‍ എന്നാണ് പേര്. 1.7 ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ 22 നിലകളില്‍ ആയിട്ടാണ് ഈ വീട്. ഓരോ നിലയും എണ്ണായിരത്തില്‍ പരം സ്‌ക്വയര്‍ ഫീറ്റ് വരും. 22 നിലകളില്‍ ആദ്യത്തെ ഏഴ് എണ്ണവും വാഹന പാര്‍ക്കിങ്ങിന് മാത്രം ഉള്ളതാണ്. ബാക്കിയാണ് താമസത്തിനുള്ളത്. വീട്ടിലേക്കുള്ള ഫര്‍ണീച്ചറുകള്‍ എല്ലാം ഇറ്റലിയില്‍ നിന്നാണ് ഇറക്കുമതി ചെയ്തിട്ടുള്ളത്. പ്രമുഖ ഡിസൈനേഴ്‌സ് ആയ തലാട്ടി ആന്റ് പാര്‍ട്‌ണേഴ്‌സ് എല്‍എല്‍പി ആണ് വീട് മൊത്തത്തില്‍ ഡിസൈന്‍ ചെയ്തത്.
ഹൗസിങ് ഡോട്ട് കോമിന്റെ കണക്ക് പ്രകാരം നേപ്പിയന്‍ സീ റോഡില്‍ സ്‌ക്വയര്‍ ഫീറ്റിനാണ് വില. ഒരു സ്‌ക്വയര്‍ ഫീറ്റിന് ഏതാണ്ട് 50,000 രൂപ വില വരും. 1.7 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് ആണ് മുകേഷ് അംബാനി സമ്മാനമായി നല്‍കി വീടിന്റെ വിസ്തീര്‍ണം എന്ന് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.
ആദ്യം ധീരുഭായ് അംബാനിക്കൊപ്പം ജോലി തുടങ്ങിയ ആളാണ് മനോജ് മോദി. പിന്നീട് മുകേഷ് അംബാനിയെ സമ്പത്തിന്റെ കൊടുമുടിയിൽ എത്തിക്കാനും സഹായിച്ചു. ഇപ്പോൾ അംബാനി കുടുംബത്തിലെ മൂന്നാം തലമുറയ്ക്കൊപ്പമാണ് മനോജ് മോദി പ്രവർത്തിക്കുന്നത്. സംശയിക്കണ്ട, മുകേഷ് അംബാനിയുടെ മക്കളായ അകാശ് അംബാനിയ്ക്കും ഇഷ അംബാനിയ്ക്കും ഒപ്പം തന്നെ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...