യൂട്യൂബിൽ പരസ്യം കാണണ്ടേ? വീഡിയോ കാണണമെങ്കിൽ ഇനി ഈ കാര്യങ്ങൾ ചെയ്തേ തീരൂ

YouTube limits ad blocker usage in new test: പരസ്യം ഇല്ലാതെ കാണണമെങ്കിൽ യൂട്യൂബിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാനാണ് നിർദ്ദേശം.   

Written by - Zee Malayalam News Desk | Last Updated : Jul 5, 2023, 04:51 PM IST
  • ഒരു വീഡിയോ വളരെ ആവേശത്തോടെ കാണുന്നതിനിടയിലായിരിക്കും ശല്ല്യമാകും വിധം പരസ്യം എത്തുക.
  • പരസ്യങ്ങള്‍ ബ്ലോക്കുചെയ്യുന്നവര്‍ക്ക് പരമാവധി മൂന്നു വിഡിയോ മാത്രമെ കാണാൻ സാധിക്കൂ എന്നാണ് പുതിയ തീരുമാനം.
യൂട്യൂബിൽ പരസ്യം കാണണ്ടേ? വീഡിയോ കാണണമെങ്കിൽ ഇനി ഈ കാര്യങ്ങൾ ചെയ്തേ തീരൂ

ഇന്ന് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആണ് യൂട്യൂബ്. വിനോദം എന്നതിലുപരി ഇന്ന് ലോകത്തെ ഒരു  വിഭാ​ഗം ആളുകളുടെ വരുമാന മാർ​ഗം കൂടിയാണ് യൂട്യൂബ്. എന്നാൽ വിനോദത്തിന് വേണ്ടി മാത്രമായി യൂട്യൂബിനെ ആശ്രയിക്കുന്ന പലരുടേയും പൊതുവായ പരാതിയാണ് ഇടയ്ക്കിടെ വീഡിയോകൾക്കിടയിൽ വരുന്ന പരസ്യങ്ങൾ. ഒരു വീഡിയോ വളരെ ആവേശത്തോടെ കാണുന്നതിനിടയിലായിരിക്കും ശല്ല്യമാകും വിധം പരസ്യം എത്തുക. ആ സാഹചര്യത്തെ മറികടക്കുന്നതിനായി പലരും ബ്രൗസറുകളില്‍ ആഡ് ബ്ലോക്കര്‍ ഉപയോഗിക്കാറുണ്ട്. അത്തരക്കാരെ ബാധിക്കുന്ന തരത്തിലുള്ള ഒരു നീക്കമാണ് ഇപ്പോൾ ​ഗൂ​ഗിൾ സ്വീകരിച്ചിരിക്കുന്നത്.    

പരസ്യങ്ങള്‍ ബ്ലോക്കുചെയ്യുന്നവര്‍ക്ക് പരമാവധി മൂന്നു വിഡിയോ മാത്രമെ കാണാൻ സാധിക്കൂ എന്നാണ് പുതിയ തീരുമാനം. ഈ വിവരം അറിയിച്ച് കൊണ്ട് ഉപയോക്താക്കൾക്ക് സന്ദേശം നൽകി തുടങ്ങി. മുന്നറിയിപ്പ് സന്ദേശം ലഭിച്ചതിന്റെ സ്ക്രീൻ ഷോട്ടുകൾ റെഡ്ഡിറ്റിലാണ് ആളുകൾ ആദ്യം പങ്കുവെച്ചത്. അതിനു പിന്നാലെ ഇത് സംബന്ധിച്ച വാർത്ത ബ്ലീപ്പിം​ഗ് കമ്പ്യൂട്ടറും പുറത്തുവിട്ടു. "നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ആഡ് ബ്ലോക്കർ ഉപയോ​ഗിക്കുന്നതായി കരുതപ്പെടുന്നു. അതിനാൽ 3 വീഡിയോകൾക്ക് ശേഷം നിങ്ങളുടെ വീഡിയോ പ്ലെയർ ബ്ലോക്ക് ചെയ്യുകയാണ്, തുടർന്ന് വീഡിയോ കാണണമെങ്കിൽ ആഡ് ബ്ലോക്കർ ഡിസേബിൾ ചെയ്യുക"- എന്നാണ് മുന്നറിയിപ്പ്.  

ബ്രൗസറുകളില്‍ ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്ന ആളുകൾക്കാണ് ഈ സന്ദേശം ലഭിച്ചിരിക്കുന്നത്. ഒന്നുകില്‍ ആഡ് ബ്ലോക്കര്‍ മാറ്റുക, അല്ലെങ്കില്‍ യൂട്യൂബിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുക, ഇതാണ് യൂട്യൂബ് ആവശ്യപ്പെടുന്നതത്രേ. ഇത് അനിവാര്യമാണോയെന്ന ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.  

 

YouTube cracking down on if you're not paying them to block the ads, it hurts me, and hurt you.
by u/Reddit_n_Me in youtube

ഈ വിഷയത്തിൽ ​ഗൂ​ഗിളിന്റെ വിശദീകരണം ഇങ്ങനെ

പരസ്യങ്ങൾ കാണണം എന്ന നിലപാടാണ് ​ഗൂ​ഗിൾ സ്വീകരിച്ചത്. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനാലാണ് തങ്ങള്‍ക്ക് യൂട്യൂബ് സൗജന്യമായി കാണിക്കാന്‍ സാധിക്കുന്നത്.  അതല്ല പരസ്യം കാണുവാൻ നിങ്ങൾക്ക് താൽപര്യമില്ല എന്നാണെങ്കിൽ  മാസവരി അടച്ച് യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്യണമെന്നും കമ്പനി പറയുന്നു. അതേസമയം ഗൂഗിള്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന ഈ മാറ്റം പരീക്ഷണാടിസ്ഥാനത്തിലാണെന്നാണ് ​ഗൂ​ഗിളിന്റെ പ്രതികരണം. ബ്ലീപ്പിങ് കമ്പ്യൂട്ടറിനോടാണ് ​ഗൂ​ഗിൾ ഇക്കാര്യം പറഞ്ഞത്. എന്നാൽ ഇതു സംബന്ധിച്ച സന്ദേശം ലഭിച്ചിട്ടും വീണ്ടും ഈ പ്രവണത തുടർന്ന ചില ഉപയോക്താക്കളെ ഗൂഗിള്‍ കുറച്ചു സമയത്തേക്ക് ബ്ലോക്ക് ചെയ്യുന്ന പുതിയ രീതിയും പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ആന്‍ഡ്രോയിഡിന്റെ യൂട്യൂബ്പ്ലെയറില്‍ ആഡ് ബ്ലോക്കര്‍ ഉപയോഗിച്ച ആള്‍ക്കും മുന്നറിയിപ്പു ലഭിച്ചു എന്നും പറയുന്നു. പക്ഷേ എങ്ങനെയാണ് യൂട്യൂബ് പ്ലെയറില്‍ ആഡ് ബ്ലോക്കര്‍ ഉപയോഗിക്കാന്‍ സാധിച്ചതെന്ന് വ്യക്തമല്ലെന്നാണ് ഗൂഗിള്‍ പറയുന്നത്. 

ഉപയോക്താക്കൾക്ക് പറയാനുള്ളത്

അനാവശ്യമായി പരസ്യ വീഡിയോകൾ കയറി വന്നതിനാലാണ് ആഡ് ബ്ലോക്കറുകൾ ഉപയോ​ഗിച്ച് തുടങ്ങിയത് എന്നാണ് ​ആളുകൾ പ്രതികരിക്കുന്നത്. കുറച്ചു പരസ്യങ്ങളൊക്കെ സഹിക്കാമായിരുന്നു. എന്നാൽ പലപ്പോഴും അനാവശ്യമായി പരസ്യങ്ങൾ എത്തുന്നത് അരോചകമായി തോന്നാറുണ്ട്. ചില പരസ്യങ്ങള്‍ക്ക് നിലവാരം പോലുമില്ല. ഫ്രീയായി യൂട്യൂബ് കാണുന്നവരെ കാത്തിരിക്കുന്നത് പരസ്യ പ്രളയം ആയിരിക്കാമെന്നും വാദമുണ്ട്. പരമാവധി ആളുകളെ മാസവരിക്കാരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഈ പുതിയ നീക്കം എന്നുള്ള സംശയവും ഉപയോക്താക്കൾ ഉന്നയിക്കപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News