ജോലി തട്ടിപ്പ്; തായ്ലൻഡിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയത് മ്യാൻമറിലേക്ക്, ഇരയായവരിൽ 20 മലയാളികളും

ഡാറ്റ ചോർത്തിക്കൊണ്ട് പണം തട്ടുന്ന ജോലി ആണ് തങ്ങൾ ചെയ്യുന്നതെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ആണ് ചെയ്യിക്കുന്നതെന്നും തട്ടിപ്പിനിരയായവർ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 27, 2022, 10:19 AM IST
  • ഇപ്പോഴും സമൂഹമാധ്യമങ്ങൾ വഴി തായ്ലാൻഡിൽ ഒഴിവുള്ള പരസ്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഇത് ചതിക്കുഴി ആണെന്നും ഇവർ വ്യക്തമാക്കുന്നു.
  • വിവിധ ഏജന്റുമാർ മുഖേനയാണ് ഇവർ ജോലിക്കായി എത്തിയത്.
  • സ്ഥാപനങ്ങൾ മുഖാന്തിരവും വ്യക്തികൾ മുഖാന്തിരവും ആണ് ഇവർ ജോലിക്ക് അപേക്ഷിച്ചത്.
ജോലി തട്ടിപ്പ്; തായ്ലൻഡിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയത് മ്യാൻമറിലേക്ക്, ഇരയായവരിൽ 20 മലയാളികളും

തായ്ലാൻഡിൽ ഡാറ്റ എൻട്രി ജോലിക്കായി എത്തിയവർ തട്ടിപ്പിനിരയായതായി റിപ്പോർട്ട്. 80ഓളം ഇന്ത്യക്കാർ തട്ടിപ്പിനിരയായതായാണ് വിവരം. ഇതിൽ 20 മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്. വർക്കല ചെറുന്നിയൂർ സ്വദേശി നിതീഷ്, വിഴിഞ്ഞം സ്വദേശി ജുനൈദ്, ആലപ്പുഴ സ്വദേശി ബിനോയ് എന്നിവർ തട്ടിപ്പിന് ഇരയായതായി സ്വയം വ്യക്തമാക്കി കൊണ്ട് വീഡിയോ പങ്കുവെച്ചിരുന്നു. തങ്ങളെ രക്ഷിക്കണം എന്ന് അപേക്ഷിച്ച് കൊണ്ടാണ് ഇവർ വീഡിയോ എടുത്തത്. ബാങ്കോക്ക് സുവർണഭൂമി എയർപോർട്ടിൽ എത്തിയ ഇവരുടെ വിസ സ്റ്റാമ്പ് ചെയ്ത ശേഷം കമ്പനി അധികൃതർ എന്ന് അവകാശപ്പെട്ട ചിലർ ഇവരെ കൂട്ടികൊണ്ട് പോവുകയായിരുന്നു. തുടർന്ന് ഇവരെ എത്തിച്ചത് മ്യാൻമറിൽ ആണ്.  

ഡാറ്റ എൻട്രി ജോലിക്കായി ആണ് ഇവർ എത്തിയതെങ്കിലും ഡാറ്റ ചോർത്തിക്കൊണ്ട് പണം തട്ടുന്ന ജോലി ആണ് തങ്ങൾ ചെയ്യുന്നതെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ആണ് ചെയ്യിക്കുന്നതെന്നും ഇവർ പറയുന്നു. ദിവസം 15 മണിക്കൂർ ആണ് ഇവരെകൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത്. കൂടാതെ ജോലിയിൽ കുറ്റങ്ങൾ കണ്ടെത്തിയാൽ പിഴയും തവള ചാട്ടം പോലുള്ള ശിക്ഷകളും ആണ് നൽകുന്നതെന്നും ആയുധ ധാരികളായ ചൈനീസുകാർ കാവൽ നിൽക്കുന്ന ക്യാമ്പിൽ കൃത്യമായ ആഹാരമോ മറ്റ് സൗകര്യങ്ങളോ സ്വാതന്ത്രമോ ഇല്ലാതെ കുടുങ്ങി കിടക്കുകയാണ് എന്നാണ് ഇവർ പറയുന്നത്. 

Also Read: സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ

 

ഇപ്പോഴും സമൂഹമാധ്യമങ്ങൾ വഴി തായ്ലാൻഡിൽ ഒഴിവുള്ള പരസ്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഇത് ചതിക്കുഴി ആണെന്നും ഇവർ വ്യക്തമാക്കുന്നു. വിവിധ ഏജന്റുമാർ മുഖേനയാണ് ഇവർ ജോലിക്കായി എത്തിയത്. സ്ഥാപനങ്ങൾ മുഖാന്തിരവും വ്യക്തികൾ മുഖാന്തിരവും ആണ് ഇവർ ജോലിക്ക് അപേക്ഷിച്ചതും ഇതിനായി 30000 രൂപയോളം ഏജന്റുമാർ വാങ്ങി എന്നും ഇവരുടെ രക്ഷകർത്താക്കളും പറയുന്നുണ്ട്.  അസുഖം വന്നാൽ ചികിത്സിക്കാൻ ഒരു ആശുപത്രി പോലും ഇവിടില്ലെന്നും തട്ടിപ്പിനിരയായവർ പറയുന്നു. തിരികെ നാട്ടിൽ എത്തുന്നതിന് വേണ്ടി ഇവർ ഏജന്റുമായി ബന്ധപ്പെട്ടപ്പോൾ അവർ ആവശ്യപ്പെടുന്നത് 6000 ഡോളർ ആണ്. ഏകദേശം നാല് ലക്ഷത്തോളം രൂപ ഉണ്ടെങ്കിൽ മാത്രമെ തിരികെ വരാൻ സൗകര്യം ഒരുക്കാൻ പറ്റുകയുള്ളൂ എന്നാണ് ഏജന്റുമാർ പറയുന്നത്. എന്നാൽ ഇത് തങ്ങൾക്ക് താങ്ങാൻ കഴിയില്ലെന്നും നിതീഷിന്റെ മാതാവ് പറയുന്നു.

സൈനിക അധിനിവേശ മേഖലയിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. അവിടെ ഇവരുടെ ജീവന് യാതൊരു ഉറപ്പും ഇല്ലെന്ന് ആണ് ലഭിക്കുന്ന വിവരം. ഓഗസ്റ്റ് മൂന്നിന് ആണ് നിതീഷ് ഇവിടെ എത്തുന്നത്. ഓഗസ്റ്റ് 14 , 15 തിയതികളിൽ ബിനോയ്, ജുനൈദ് എന്നിവരും എത്തി എന്നാണ് ലഭിക്കുന്ന വിവരം. തങ്ങളെ രക്ഷിക്കാൻ കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ ഇടപെടണം എന്നും കൂടുതൽ പേർ ചതിക്കുഴിയിൽ വീഴരുത് എന്നും ഇവർ പറയുന്നു. ജോലി വാഗ്ദാനം ചെയ്ത് ചതിച്ച ഏജന്റുമാർക്കെതിരെ പരാതിയുമായി പോലീസിനെ സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബങ്ങൾ. ഒപ്പം മക്കളെ തിരികെ എത്തിക്കുന്നതിന് മുഖ്യമന്ത്രിയുടെയും വിദേശകാര്യ വകുപ്പിന്റെയും സഹായം അഭർത്ഥിക്കുകയാണ് കുടുംബങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News