ഉച്ചത്തിൽ നിലവിളിച്ചിട്ടും സഹായം കേണിട്ടും ഉറക്കം നടിച്ച സഹയാത്രക്കാർ: പേടിയാകുന്നു ഈ മൗനത്തെ

യാത്രക്കാരി പരാതിപ്പെട്ടിട്ടും വിഷയത്തിൽ ഇടപെടാനോ അവർക്ക് സഹായം നൽകാനോ കണ്ടക്ടർ തയ്യാറായില്ല എന്നതാണ് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്

Written by - ആതിര ഇന്ദിര സുധാകരൻ | Last Updated : Mar 7, 2022, 01:03 PM IST
  • ..ബസുകളിൽ ക്യാമറകൾ സ്ഥാപിച്ചും സ്ത്രീകൾക്ക് സുരക്ഷിത യാത്രയൊരുക്കാം
  • .പ്രതികരിക്കുന്ന യുവതികളോടുള്ള സഹയാത്രികരുടെ പിന്തുണയാണ് വലുത്
  • കുറ്റക്കാരെ യഥാസമയം ശിക്ഷിക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്
  • കണ്ടക്ടറുടേയും ഡ്രൈവറുടെയും സഹകരണമാണ് ആദ്യം വേണ്ടത്
ഉച്ചത്തിൽ നിലവിളിച്ചിട്ടും സഹായം കേണിട്ടും  ഉറക്കം നടിച്ച സഹയാത്രക്കാർ: പേടിയാകുന്നു ഈ മൗനത്തെ

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്കുള്ള യാത്രയ്ക്കിടെ കോഴിക്കോട് സ്വദേശിനിയായ അധ്യാപികയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം ഉയർത്തുന്ന അനേകം ചോദ്യമുണ്ട്..ഉച്ചത്തിൽ നിലവിളിച്ചിട്ടും സഹായം കേണിട്ടും ഉറക്കം നടിച്ച സഹയാത്രക്കാരും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഉത്തരവാദിത്തപ്പെട്ട കണ്ടക്ടർ പ്രതികരിക്കാതിരുന്നതും ഒക്കെ ഒരു യാത്രയ്ക്കിറങ്ങുന്ന സ്ത്രീയെ ഭയപ്പെടുത്തുന്ന വാർത്തകളാണ്.

കെഎസ്ആർടിസി യാത്ര സുരക്ഷിതമെന്ന് കരുതുന്നവരാണ് അധികവും. പ്രത്യേകിച്ച് രാത്രി യാത്രകളിൽ. പൊതുയിടത്തിലെ സ്ത്രീസുരക്ഷയെക്കുറിച്ച് സജീവ ചർച്ച നടക്കുന്ന കാലഘട്ടത്തിലാണ് സർക്കാർ നിയന്ത്രണത്തിലുള്ള കെഎസ്ആർടിസി ബസിൽ ഉണ്ടായ ഈ സംഭവം..യാത്രക്കാരി പരാതിപ്പെട്ടിട്ടും വിഷയത്തിൽ ഇടപെടാനോ അവർക്ക് സഹായം നൽകാനോ കണ്ടക്ടർ തയ്യാറായില്ല എന്നതാണ് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്..ലൈംഗികാതിക്രമത്തെക്കാൾ വേദനിപ്പിച്ചത് ചുറ്റും ഉണ്ടായിരുന്നവരുടെ മൗനമാണെന്ന് പരാതിക്കാരി കരഞ്ഞുകൊണ്ട് പറയുന്നത് നമ്മൾ കണ്ടതാണ്..

ആ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല

പത്ത് വർഷം മുമ്പ് ഒരു കെഎസ്ആർടിസി യാത്രയിൽ കണ്ടക്ടറുടെ ഭാഗത്തുനിന്നുണ്ടായ അനുഭവം ഓർത്തെടുക്കുകയാണ് സാമൂഹ്യപ്രവർത്തക ധന്യ രാമൻ...

"കോവളം ജംഗ്ഷനിൽ നിന്ന് ഈസ്റ്റ്ഫോർട്ടിലേക്കുള്ള കെഎസ്ആർടിസിയിൽ യാത്ര ചെയ്യുകയായിരുന്നു. ഉച്ച സമയം ആയതിനാൽ വളരെ കുറച്ച് പേരെ ബസിൽ ഉണ്ടായിരുന്നുള്ളൂ...ഈസ്റ്റ്ഫോർട്ട് എത്താറായ സമയം കെഎസ്ആർടിസി കണ്ടക്ടർ മാറിടത്തിൽ കയറി പിടിച്ചു. ഷോക്കായി നിൽക്കുന്നതിനിടെ കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിയോടി..സ്റ്റാന്റിൽ ഇറങ്ങി ഉടൻ തന്നെ പരാതിയും നൽകിയെങ്കിലും നടപടി ഉണ്ടായില്ല.. തുടർന്ന് കെഎസ്ആർടിസി  എംഡിക്ക് നേരിട്ട് പരാതി നൽകി. അയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ട ശേഷമാണ് പിന്തിരിഞ്ഞത്..."

ബസിൽ അതിക്രമം ഉണ്ടായാൽ
.............

കണ്ടക്ടറുടേയും ഡ്രൈവറുടെയും സഹകരണമാണ് ആദ്യം വേണ്ടത്..അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് വാഹനം എത്തിച്ച് പരാതി നൽകണം. സാക്ഷിമൊഴികൾ കൃത്യമായി രേഖപ്പെടുത്തുക. പക്ഷേ മിക്കപ്പോഴും ഇതൊക്കെ പെറ്റിക്കേസുകൾ ആയി പോകും...പോലീസ് സ്റ്റേഷനുകളിൽ തന്നെ ധാരണയിലെത്തി ശിക്ഷാനടപടികളിലേക്ക് പല പരാതികളും എത്താറില്ല. കേസ് നടത്താനുള്ള ബുദ്ധിമുട്ടുകളാണ് പലരെയും പരാതികളിൽ നിന്ന് പിന്തിരിപ്പിക്കുന്നതെന്ന് അഡ്വ.ടിബി മിനി പറയുന്നു.

ആദ്യം പരാതി നൽകിയാൽ പരാതിക്കാരിയെ പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കാതാരിക്കാനുള്ള സംവിധാനത്തിലേക്ക് നിയമസംവിധാനം മാറേണ്ടതുണ്ട്...സുരക്ഷ ഉറപ്പാക്കേണ്ട ആളുകൾക്ക് ആണ് ആദ്യം നിയമത്തെക്കുറിച്ച് ബോധ്യമുണ്ടാകേണ്ടത്..ബസുകളിൽ ക്യാമറകൾ സ്ഥാപിച്ചും സ്ത്രീകൾക്ക് സുരക്ഷിത യാത്രയൊരുക്കാം..പ്രതികരിക്കുന്ന യുവതികളോടുള്ള സഹയാത്രികരുടെ പിന്തുണയാണ് ഇതിൽ വലുത്..

രാത്രി നടത്തവും പൊതുയിടം എന്റേതും ക്യാപയിനുകൾ എന്ത് മാറ്റമാണ് പൊതുസമൂഹത്തിൽ ഉണ്ടാക്കിയത്? വിവാദമുണ്ടാകുമ്പോൾ പെട്ടെന്നുണരുന്ന നിയമ-സർക്കാർ സംവിധാനങ്ങളെ പിന്നീട് കാണാനാകില്ല..കുറ്റക്കാരെ യഥാസമയം ശിക്ഷിക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്....മാപ്പ് പറഞ്ഞാൽ തീരുന്നതല്ല പെണ്ണിനേറ്റ അപമാനം.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News