Article 370 SC Hearing: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിൾ 370 നീക്കം ചെയ്ത് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിരവധി ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയിരിയ്ക്കുന്നത്. ഈ ഹര്‍ജികളില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പരമോന്നത കോടതിയില്‍ വാദം നടക്കുകയാണ്.
Also Read: Lucky Zodiac Signs: ഈ രാശിക്കാർ കരിയറിൽ ഉന്നത സ്ഥാനം നേടുന്നവര്‍!! ഭാഗ്യവും സമ്പത്തും പ്രശസ്തിയും ഒപ്പം
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിൾ 370 നീക്കം ചെയ്യുകയും തുടര്‍ന്ന് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ നിരവധി ചോദ്യങ്ങളാണ് സുപ്രീം കോടതി ഉന്നയിച്ചത്. ജമ്മു കശ്മീരിന് സംസ്ഥാന പദവി എപ്പോള്‍ തിരികെ ലഭിക്കുമെന്നും അവിടെ തിരഞ്ഞെടുപ്പ് എപ്പോൾ നടക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൊവ്വാഴ്ച കേന്ദ്ര സർക്കാരിനോട് ചോദിച്ചു.
Also Read: LPG Cylinder Price Update: ഗ്യാസ് സിലിണ്ടറിന് 200 രൂപ കുറച്ച് കേന്ദ്ര സര്‍ക്കാര്‍!!
ജമ്മു കശ്മീരിന്‍റെ കേന്ദ്ര ഭരണ പ്രദേശ പദവി ശാശ്വതമല്ലെന്നും എന്നാല്‍ ലഡാക്കിന്‍റെ കേന്ദ്രഭരണ പ്രദേശ പദവി തൽക്കാലം അതേപടി തുടരുമെന്നും ഈ വിഷയത്തില്‍ മോദി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി, കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്‍റെ ഭാവി എന്നിവ സംബന്ധിക്കുന്ന പ്രസ്താവന ആഗസ്റ്റ് 31 പുറത്തുവിടും എന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
2019-ൽ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള സമയപരിധി സംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ തീരുമാനം അറിയിയ്ക്കാന്‍ അറ്റോർണി ജനറലിനോടും സോളിസിറ്റർ ജനറലിനോടും സുപ്രീം കോടതി ചൊവ്വാഴ്ച ആവശ്യപ്പെട്ടു.
വാദം കേൾക്കുന്നതിനിടെ, പഴയ ഒരു സംസ്ഥാനം സ്ഥിരമായ കേന്ദ്രഭരണ പ്രദേശമാകാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ഇത് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്നും ആത്യന്തികമായി രാജ്യത്തിന്‍റെ പ്രതിരോധമാണ് ഏറ്റവും വലിയ ആശങ്കയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള സമയപരിധി സംബന്ധിച്ച് എന്തെങ്കിലും പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചു.
കേന്ദ്ര ഭരണ പ്രദേശ പദവി സംബന്ധിച്ച കോടതിയുടെ ചോദ്യങ്ങള്‍ക്ക് ലഡാക്ക് സ്ഥിരം കേന്ദ്ര ഭരണ പ്രദേശമായി തുടരുമെന്ന് കേന്ദ്ര സർക്കാരിൽ നിന്ന് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. അതേസമയം ജമ്മു കശ്മീരിന്‍റെ കേന്ദ്രഭരണ പ്രദേശ പദവി ശാശ്വതമല്ല എന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ജമ്മു കാശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ചും കോടതി ചോദിയ്ക്കുകയുണ്ടായി. കൂടാതെ, ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയ നിയമം കാണിക്കാനും ചീഫ് ജസ്റ്റിസ് എസ്ജി തുഷാർ മേത്തയോട് ആവശ്യപ്പെട്ടു.
ആർട്ടിക്കിൾ 3 ഉദ്ധരിച്ച്, ഏത് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശമാക്കാനും അതിർത്തി നിശ്ചയിക്കാനും പാർലമെന്‍റിന് അവകാശമുണ്ടെന്ന് ഇതിനെക്കുറിച്ച് തുഷാർ മേത്ത കോടതിയെ അറിയിച്ചു. ആ സാഹചര്യത്തില്‍ എന്തുകൊണ്ട് ഒരു കേന്ദ്രഭരണ പ്രദേശമായി മാത്രം തുടരാൻ അനുവദിച്ചില്ല, എന്തുകൊണ്ടാണ് ലഡാക്കിനെയും ജമ്മു കശ്മീരിനെയും രണ്ട് പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയത് എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ലഡാക്കിനെ വേർതിരിക്കാതെ ഒറ്റ കേന്ദ്രഭരണ പ്രദേശമാക്കിയിരുന്നെങ്കിൽ എന്ത് വ്യത്യാസമാണ് ഉണ്ടാവുക എന്ന ചോദ്യം ജസ്റ്റിസ് കിഷൻ കൗൾ ഉന്നയിച്ചു.
ഈ വേര്‍പെടുത്തല്‍ പ്രദേശങ്ങളുടെ വികസനത്തിനും മറ്റ് പല കാരണങ്ങളാലും അനിവാര്യവും നിർബന്ധവുമാണെന്നായിരുന്നു കോടതിയുടെ ഈ ചോദ്യത്തിന് തുഷാർ മേത്ത നല്‍കിയ മറുപടി. ഈ വിഷയത്തിന് ഊന്നല്‍ നല്‍കും വിധം ത്രിപുരയുടെയും അസമിന്‍റെയും ഉദാഹരണങ്ങൾ നിരത്തിയ അദ്ദേഹം ഈ സംസ്ഥാനങ്ങളും മുന്‍പ് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയിരുന്നുവെന്നും കോടതിയെ അറിയിച്ചു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തു കളഞ്ഞ് 4 വര്‍ഷങ്ങള്‍ക്ക് ശേഷം ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുകയാണ്.
തിങ്കൾ, വെള്ളി ഒഴികെ എല്ലാ ദിവസവും ഹര്‍ജിയില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് ആണ് വാദം കേള്‍ക്കുന്നത്. 2020 മാർച്ച് 2ന് ശേഷം ഇതാദ്യമായാണ് വിഷയം സുപ്രീം കോടതി പരിഗണിക്കുന്നത്. ഇതിനോടകം ഏകദേശം 15 ദിവസത്തോളം ഈ വിഷയം കോടതി പരിഗണിച്ചു. 20ലധികം ഹര്‍ജികളാണ് ഈ വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...