ന്യൂഡല്‍ഹി: ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിനെപ്പറ്റി താന്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ചു നില്ക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ട്വീറ്ററില്‍ എഴുതിയ കാര്യത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. ബിജെപിക്കാര്‍ അവര്‍ക്ക് ഇഷ്ടമുള്ളതെന്തും ചെയ്തോട്ടെ, എന്നും അദ്ദേഹം പറഞ്ഞു.
'എന്റെ പ്രസ്താവനയിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഞാൻ ട്വീറ്ററിലെഴുതിയത് എന്താണോ അതിൽ ഉറച്ചുനിൽക്കുന്നു. എനിക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപിക്കാര്‍ ആവശ്യപ്പെടുന്നതിൽ കുഴപ്പമില്ല. അവർക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യട്ടെ, ഞാൻ സ്വാഗതം ചെയ്യുന്നു', രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒരു തീവ്രവാദി മറ്റൊരു തീവ്രവാദിയെ ദേശഭക്തനെന്നു വിളിച്ചിരിയ്ക്കുകയാണ് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശ൦. കൂടാതെ, ഇന്ത്യയുടെ പാര്‍ലമെന്റ് ചരിത്രത്തിലെ സങ്കടകരമായ ദിനമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
‘തീവ്രവാദി പ്രഗ്യ തീവ്രവാദി ഗോഡ്സെയെ രാജ്യസ്നേഹിയെന്നു വിളിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തിലെ ഏറ്റവും സങ്കടകരമായ ദിനം’, എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ബുധനാഴ്ച ലോക്സഭയില്‍ എസ്.പി.ജി സുരക്ഷ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് പ്രഗ്യാ വിവാദ പ്രസ്താവന നടത്തിയത്. മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെന്നായിരുന്നു പ്രഗ്യാ സിംഗ് ഠാക്കൂര്‍ പാർലമെന്റില്‍ പറഞ്ഞത്. പ്രസ്താവന വന്‍ വിവാദത്തിന് വഴിയോരുക്കുകയും ചെയ്തിരുന്നു.
ഇതിന് മറുപടിയായാണ് രാഹുല്‍ ട്വീറ്ററിൽ അവരെ തീവ്രവാദി എന്നു വിളിച്ചത്. ഇതിനെതിരെയാണ് ബിജെപി രംഗത്തുവന്നത് എങ്കിലും വാക്കുകൾ പിൻവലിക്കാനില്ലെന്ന് രാഹുൽ ആവർത്തിക്കുകയായിരുന്നു.
അതേസമയം, ഗോഡ്സെ പരാമർശത്തിൽ സഭയില്‍ മാപ്പുപറഞ്ഞ പ്രഗ്യാ സിംഗ്, തന്നെ തീവ്രവാദി എന്നു വിളിച്ച രാഹുൽഗാന്ധിയും മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു.
ഒരു കോടതിയും തന്നെ കുറ്റക്കാരിയെന്ന് കണ്ടെത്തിയിട്ടില്ലെന്നും അടിസ്ഥാനമില്ലാതെ തന്നെ തീവ്രവാദിയെന്ന് വിളിക്കുന്നത് നിയമബിരുദ്ധമാണെന്നും സന്യാസിനിയും വനിതയുമായ തന്നെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പ്രഗ്യ പറഞ്ഞു. ഒപ്പം, രാഹുൽ ഗാന്ധി സഭയിൽ മാപ്പുപറയണമെന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങളും രംഗത്തെത്തി.
ഇതിനുപിന്നാലെയാണ് പറഞ്ഞത് തിരിച്ചെടുക്കുന്നില്ലെന്ന് രാഹുൽ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയത്.
അതേസമയം, ലോകസഭ തിരഞ്ഞെടുപ്പ് വേളയിലും പ്രഗ്യാ സിംഗ് ഠാക്കൂര്‍ വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഗോഡ്സെ ദേശഭക്തനാണെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ പുനപരിശോധന നടത്തണമെന്നുമായിരുന്നു പ്രഗ്യയുടെ പരാമര്‍ശം.
അന്ന് പ്രഗ്യയുടെ പ്രസ്താവനയില്‍ ആദ്യം മൗനം പാലിച്ച പ്രധാനമന്ത്രി മോദിക്ക് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. പിന്നീട് പ്രഗ്യയെ ഭോപ്പാലില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത് താനാണെങ്കിലും മഹാത്മാ ഗാന്ധിയെ അവഹേളിച്ചതിന് പ്രഗ്യാ സിംഗ് ഠാക്കൂറിനോട് തനിക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.