തമിഴ്നാട്ടിൽ പടക്കകടയ്ക്ക് തീ പിടിച്ച് മൂന്ന് പേർ മരിച്ചു. 5 വയസുള്ള ആൺകുട്ടി ഉൾപ്പെടെയാണ് മരിച്ചത്. തമിഴ്നാട് തിരുപ്പത്തൂർ, വാണിയമ്പാടിയിലെ പുതുക്കോവിൽ പ്രദേശത്തെ പടക്ക നിർമാണശാലയിലും ഗോഡൗണിലുമാണ് തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തെ തുടർന്ന് പടക്ക നിർമ്മാണശാല പൂർണമായും കത്തി നശിച്ചു. അപകടത്തെ തുടർന്ന് 10 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടത്തെ തൊഴിലാളികളാണ് മരണപ്പെട്ടത്. മരിച്ച ആളുകളുടെ പേര് വിവരങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
അപകടം നടന്ന പ്രദേശത്ത് കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കൂടുതൽ പേരുണ്ടോയെന്ന് തിരച്ചിൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാണിയമ്പാടി, തിരുപ്പത്തൂർ, ജോളാർപേട്ട എന്നീ ഭാഗങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ഇന്ന് പടക്കകട അവധിയായിരുന്നു. എന്നാൽ ചിലർ പടക്കം ആവശ്യപ്പെട്ടതിനെ തുടർന്ന് കടയുടെ ഉടമസ്ഥൻ കുമാർ കട തുറന്നപ്പോഴാണ് അപകടം ഉണ്ടായത്.
വാണിയമ്പാടിക്ക് അടുത്തുള്ള ഈച്ചങ്ങൽ സ്വദേശിയാണ് പടക്കകാടയുടെ ഉടമസ്ഥനായ കുമാർ. കുമാർ കട തുറന്നപ്പോൾ പെട്ടെന്ന് തന്നെ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. പൊട്ടിത്തെറിയുടെ കാരണം ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...