New Delhi:കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മോത്തിലാല്‍ വോറ അന്തരിച്ചു.
ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് മോത്തിലാല്‍ വോറ (Motilal Vora) ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം തന്റെ തൊണ്ണൂറ്റി മൂന്നാം പിറന്നാള്‍ ആഘോഷിച്ചത്.
ഈ ഒക്ടോബറിലായിരുന്നു മോത്തിലാല്‍ വോറയ്ക്ക് കോവിഡ് (COVID-19) സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ എയിംസില്‍ (AIIMS) പ്രവേശിപ്പിച്ചിരുന്നു. പിന്നീട് അദ്ദേഹം രോഗമുക്തി നേടി. ഞായറാഴ്ച ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം.
മാധ്യമ പ്രവര്‍ത്തകനായിരുന്ന മോത്തിലാല്‍ വോറ 1968ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 1970, 1977, 1980 കളില്‍ അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1983ല്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷ നായി. 1985 മുതല്‍ 1988 വരെ മൂന്നു വര്‍ഷക്കാലമാണ് മോത്തിലാല്‍ വോറ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നത്. 1988ല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു, രാജ്യസഭാംഗമായി. 1993 മുതല്‍ 1996 വരെ ഉത്തര്‍പ്രദേശ് ഗവര്‍ണറായും സേവനമനുഷ്ഠിച്ചു.
Also read: West Bengal Election 2021: BJP MPയുടെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസിൽ, നേതാവിന്റെ വക divorce ഭീഷണി
കോണ്‍ഗ്രസിന്റെ (Congress) ട്രഷറര്‍ ആയി 16 വര്‍ഷം പ്രവര്‍ത്തിച്ച അദ്ദേഹം 2018 ലാണ് സ്ഥാനം ഒഴിഞ്ഞത്. ഗാന്ധി കുടുംബത്തിന്റെ അടുത്ത അനുയായിരുന്നു. കോണ്‍ഗ്രസ് ഭരണത്തില്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ, സിവില്‍ ഏവിയേഷന്‍ മന്ത്രിയായും സേവനമനുഷ്ഠിച്ചു.