Justice HR Khanna: അമ്മാവന് നിഷേധിക്കപ്പെട്ട പദവിയിലേക്ക് ജസ്റ്റിസ് സഞ്ജീവ് ഖന്ന എത്തുമ്പോൾ..., ആരായിരുന്നു ഇന്ദിരാഗാന്ധിയെ വിറപ്പിച്ച ജസ്റ്റിസ് എച്ച് ആർ ഖന്ന?

Justice HR Khanna: അമ്മാവനായിരുന്ന ജസ്റ്റിസ് എച്ച്. ആർ ഖന്നയ്ക്ക് നിഷേധിക്കപ്പെട്ട ചീഫ് ജസ്റ്റിസ് പദവിയിലേക്കാണ് 47 വർഷങ്ങൾക്ക് ശേഷം ജസ്റ്റിസ് സഞ്ജീവ് ഖന്ന എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 11, 2024, 05:11 PM IST
  • അമ്മാവനായിരുന്ന ജസ്റ്റിസ് എച്ച്. ആർ ഖന്നയ്ക്ക് നിഷേധിക്കപ്പെട്ട പദവിയിലേക്കാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന എത്തുന്നത്
  • അടിയന്തരാവസ്ഥ കാലത്ത് സർക്കാരിനെതിരെ ശബ്ദമുയർത്തിയ അഭിഭാഷകനായിരുന്നു അദ്ദേഹം
Justice HR Khanna: അമ്മാവന് നിഷേധിക്കപ്പെട്ട പദവിയിലേക്ക് ജസ്റ്റിസ് സഞ്ജീവ് ഖന്ന എത്തുമ്പോൾ..., ആരായിരുന്നു ഇന്ദിരാഗാന്ധിയെ വിറപ്പിച്ച ജസ്റ്റിസ് എച്ച് ആർ ഖന്ന?

'ഞാൻ എൻ്റെ വിധി തയ്യാറാക്കിയിട്ടുണ്ട്, പക്ഷേ അത് എനിക്ക് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവി നഷ്ടപ്പെടുത്തും'. ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഡിഎം ജബൽപൂർ കേസിലെ വിധി പ്രഖ്യാപനത്തിന് മുമ്പ് ജസ്റ്റിസ് എച്ച് ആർ ഖന്ന അദ്ദേഹത്തിന്റെ സഹോദരിയോട് പറഞ്ഞ വാക്കുകളാണിത്.

ഇന്ത്യയുടെ 51ാമത് ചീഫ് ‍ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന എത്തുന്നത് 47 വർഷങ്ങൾക്ക് മുമ്പ് തന്റെ അമ്മാവന് നിഷേധിക്കപ്പെട്ട സ്ഥാനത്തേക്കാണ്, ഒരു ചെറിയ മധുരപ്രതികാരവുമായി.

ആരായിരുന്നു ജസ്റ്റിസ് എച്ച് ആർ ഖന്ന? എന്തുകൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് അധികാരം അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടത്?

Read Also: ഡോ.വന്ദന ദാസ് കൊലപാതകം; പ്രതി സന്ദീപിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ഇന്ത്യൻ നീതിന്യായ ചരിത്രത്തിൻ്റെ താളുകളിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത വ്യക്തിത്വമാണ് ജസ്റ്റിസ് എച്ച് ആർ ഖന്ന. ഭരണഘടനാപരമായ ജനാധിപത്യത്തിൽ ഒരു ജഡ്ജി എങ്ങനെ പ്രവർത്തിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം. 

ഇന്ത്യൻ ജനാധിപത്യത്തിലെ ഏറ്റവും ഇരുളടഞ്ഞ അധ്യായമായിരുന്നു 1975-79ലെ അടിയന്തരവസ്ഥ കാലഘട്ടം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സർക്കാരിൻ്റെ ശുപാർശ പ്രകാരം രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ്, ആർട്ടിക്കിൾ 359 റദ്ദാക്കിയപ്പോൾ നിഷേധിക്കപ്പെട്ടത് മൗലിക അവകാശങ്ങളും വ്യക്തി സ്വാതന്ത്രവുമായിരുന്നു.

പൗരന്മാരും പ്രതിപക്ഷ നേതാക്കളും വിമർശകരും വിചാരണ കൂടാതെ തടവിലാക്കപ്പെടുകയും അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്തപ്പോൾ അവർ നീതിന്യായ കോടതികളിൽ അഭയം തേടി. അടിയന്തരാവസ്ഥയ്ക്കിടയിലും ജുഡീഷ്യറിയെ സമീപിക്കാനുള്ള അവകാശം പൗരന്മാർക്ക് ഉണ്ടെന്ന് ഹൈക്കോടതികൾ വിധിച്ചിരുന്നു.

എന്നാൽ ഇന്ദിരാഗാന്ധി സർക്കാർ ഇതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചു. ഇതാണ് എഡിഎം ജബൽപൂർ കേസിലെ കുപ്രസിദ്ധമായ വിധിയിലേക്ക് നയിച്ചത്. ചീഫ് ജസ്റ്റിസ് എ എൻ റേയും ജസ്റ്റിസുമാരായ എം എച്ച് ബേഗ്, വൈ വി ചന്ദ്രചൂഡ്, പി എൻ ഭഗവതി, എച്ച് ആർ ഖന്ന  എന്നിവരുമായിരുന്നു അന്ന് ബെഞ്ചിലുണ്ടായിരുന്നു.

സർക്കാരിന്റെ നിലപാടിനെ അനുകൂലിച്ച്  കൊണ്ട് അടിയന്തരാവസ്ഥയിൽ ജുഡീഷ്യൽ പ്രതിവിധി തേടാൻ പൗരന്മാർക്ക് അവകാശമില്ലെന്ന് കോടതി വിധിച്ചു. 4:1 ഭൂരിപക്ഷത്തിൽ പ്രസ്താവിക്കപ്പെട്ട വിധിയെ എതിർത്ത ഏക സ്വരമായിരുന്നു എച്ച് ആർ ഖന്ന. അടിയന്തരാവസ്ഥയിൽ പോലും ജീവിക്കാനും സ്വാതന്ത്ര്യത്തിനും ഉള്ള പൗരന്റെ അവകാശം തടയാൻ കഴിയില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു.

എന്നാൽ ഈ ത്യാഗത്തിന് വലിയ വില നൽകേണ്ടി വന്നു. 1977-ൽ അന്നത്തെ ഇന്ദിരാഗാന്ധി സർക്കാർ അദ്ദേഹത്തെ അദ്ദേ​ഹത്തിന്റെ സീനിയോറിറ്റി മറികടന്ന് ജൂനിയറായ എം.എച്ച് ബെയ്​ഗിനെ സർക്കാർ ചീഫ് ജസ്റ്റിസാക്കി. പ്രതിഷേധ സൂചകമായി അദ്ദേഹം രാജിവച്ചു, 

ഫലം പ്രതികൂലമാകുമെന്നറിഞ്ഞിട്ടും പതറാതെ ജനാധിപത്യത്തിൽ ഉറച്ചുനിന്ന അദ്ദേഹം മാതൃക തന്നെയാണ്.  ഭയമോ പക്ഷപാതമോ കൂടാതെ കേസുകൾ തീർപ്പാക്കാൻ ബാധ്യസ്ഥരായ ജഡ്ജിമാരിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നതും ഇതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News