കോട്ടയം: കോട്ടയം വൈക്കത്തെ ബീവറേജ് ഔട്ട്ലെറ്റിൽ വില കുറഞ്ഞ മദ്യം വിൽപ്പനക്കില്ല. പ്രതിഷേധവുമായി ഉപഭോക്താക്കൾ. സമീപത്തെ സ്വകാര്യ ബാറുകളെ സഹായിക്കാനാണ് വിലകൂടിയ മദ്യം മാത്രം വിൽക്കുന്നതെന്നാണ് ആക്ഷേപം. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ സൗകര്യങ്ങൾ ഉള്ളതും മികച്ച വിൽപ്പന നടക്കുന്നതുമായ ബീവറേജ് ഔട്ട്ലെറ്റാണ് വൈക്കത്തേത്.
എന്നാൽ കുറച്ച് ദിവസങ്ങളായി 1380 രൂപയിൽ താഴെ വിലയുള്ള മദ്യം ഇവിടെ ലഭ്യമല്ല. കഴിഞ്ഞ ദിവസം മദ്യം വാങ്ങാൻ എത്തിയവർ ഈ കാര്യത്തെച്ചൊല്ലി ബീവറേജിലെ ജീവനക്കാരോട് തർക്കിച്ചിരുന്നു. വില കൂടിയ മദ്യം മാത്രം വിൽക്കാനാണെങ്കിൽ എന്തിനാണ് ബീവറേജ് ഔട്ടലെറ്റ് പ്രവർത്തിക്കുന്നതെന്നാണ് ഉപഭോക്താക്കളുടെ ചോദ്യം.
മദ്യത്തിന്റെ വില ഉയർത്തിയതോടെ സാധാരണക്കാർക്ക് ഇവിടെ നിന്നും മദ്യം വാങ്ങാനാകാത്ത അവസ്ഥയാണ്. മുന്നറിയിപ്പായി വില കുറഞ്ഞ മദ്യം ഇവിടെ ലഭ്യമല്ല എന്ന ബോർഡും ബീവറേജിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. സമീപത്തെ മൂന്ന് സ്വകാര്യ ബാറുകളെ സഹായിക്കാനാണ് മാനേജറുടെ ഈ നടപടിയെന്നാണ് ഉപഭോക്താക്കളുടെ ആരോപണം.
സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യം കിട്ടാനില്ലാത്തത് വലിയ വിമർശനത്തിന് ഇടയാക്കുന്നുണ്ട്. അതേസമയം മദ്യത്തിന് 20 ശതമാനം വില വർദ്ധിപ്പിക്കണമെന്ന് മദ്യ നിർമ്മാണ കമ്പനികൾ ആവശ്യപ്പെടുന്നു. സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന വിദേശമദ്യമായ ജവാന് വില വർദ്ധിപ്പിക്കണമെന്ന് ബെവ്കോയും ആവശ്യപ്പെടുന്നു.
വില കുറഞ്ഞ മദ്യം കിട്ടാത്ത സാഹചര്യം വർദ്ധിച്ചാൽ വ്യാജ മദ്യത്തിന്റെ ഉപയോഗം കൂടുമെന്ന് എക്സൈസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതോടൊപ്പം മദ്യത്തിന്‍റെ ലഭ്യതക്കുറവ് കഞ്ചാവ്, സിന്തറ്റിക് ലഹരി വസ്തുക്കൾ എന്നിവയിലേക്ക് ആളുകളെ നയിക്കുമെന്ന വിലയിരുത്തലുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...