കോഴിക്കോട്: സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ കേസിൽ നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലം മാറ്റിയതിനെതിരെ ജഡ്ജി എസ്.കൃഷ്ണകുമാർ ഹൈക്കോടതിയെ സമീപിച്ചു. കോഴിക്കോട് സെഷൻസ് ജഡ്ജ് എസ്. കൃഷ്ണ കുമാറാണ് സ്ഥലം മാറ്റത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
കോടതി വിധിയിലെ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ ജഡ്ജിയെ സ്ഥലം മാറ്റുകയായിരുന്നു. കൊല്ലം ലേബർ കോടതിയിലേക്കാണ് എസ്. കൃഷ്ണ കുമാറിനെ സ്ഥലം മാറ്റിയത്. ഹൈക്കോടതി നടപടി നിയമവിരുദ്ധമാണെന്ന് കൃഷ്ണ കുമാർ ഹർജിയിൽ പറയുന്നുണ്ട്. അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന്റെ നടപടി ചട്ടങ്ങൾ പാലിച്ചല്ലെന്നും ഹർജിയിൽ എസ്. കൃഷ്ണ കുമാർ ആരോപിച്ചു.
ലൈംഗികാതിക്രമ കേസിൽ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച ജഡ്ജിയുൾപ്പെടെ നാല് പേർക്ക് സ്ഥലംമാറ്റം
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സിവിക് ചന്ദ്രന് മുൻകൂർജാമ്യം അനുവദിച്ച് വിവാദ പരാമർശം നടത്തിയ കോഴിക്കോട് ജില്ലാ ജഡ്ജി എസ്. കൃഷ്ണകുമാർ ഉൾപ്പെടെ നാല് ജില്ലാ ജഡ്ജിമാരെ സ്ഥലംമാറ്റി. ഹൈക്കോടതി ഭരണവിഭാഗത്തിന്റെയാണ് സ്ഥലംമാറ്റ ഉത്തരവ്. കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതി പ്രിസൈഡിങ് ഓഫീസറാക്കി. പകരം മഞ്ചേരി ജില്ലാ ജഡ്ജി എസ്. മുരളീകൃഷ്ണനെ കോഴിക്കോട് ജില്ലാ ജഡ്ജിയായി നിയമിച്ചു.
എറണാകുളം അഡീ. ജില്ലാ ജഡ്ജിയായിരുന്ന സി.പ്രദീപ്കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായും കൊല്ലം ലേബർ കോടതി പ്രിസൈഡിങ് ഓഫീസറായിരുന്ന ഡോ. സി.എസ്. മോഹിത്തിനെ എറണാകുളം ലേബർ കോടതി പ്രിസൈഡിങ് ഓഫീസറായും നിയമിച്ചു. ലൈംഗികാതിക്രമ കേസിൽ സിവിക് ചന്ദ്രന് മുൻകൂർജാമ്യം അനുവദിച്ച് കോഴിക്കോട് സെഷൻസ് കോടതി കോടതി നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
ലൈംഗികാതിക്രമക്കേസിൽ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നടത്തിയ പരാമര്‍ശത്തിൽ "ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ്" പരാതിക്കാരി ധരിച്ചിരുന്നതെന്നും, സെക്ഷൻ 354 പ്രകാരം പ്രഥമദൃഷ്ട്യാ കേസ് എടുക്കാനാകില്ലെന്നും സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ സെഷൻസ് ജഡ്ജി എസ്.കൃഷ്ണകുമാർ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...