Thiruvananthapuram: യെമൻ പൗരനെ കൊന്ന കേസിൽ വധശിക്ഷയ്ക്ക് വിധിച്ച നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ സംസ്ഥാന സർക്കാർ സഹായം വാഗ്ദാനം ചെയ്തു. സർക്കാരിന്റെ ഭാഗത്ത് നിന്നും ചെയ്യാൻ കഴിയുന്ന പരമാവധി സഹായങ്ങൾ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിമിഷ പ്രിയയുടെ കുടുംബത്തിനും ആക്ഷൻ കൗൺസിൽ ഭാരവാഹികൾക്കുമാണ് മുഖ്യ മന്ത്രി ഉറപ്പ് നൽകിയത്. നിമിഷ പ്രിയയുടെ അമ്മയും ആക്ഷൻ കൗൺസിൽ ഭാരവാഹികളും ആവശ്യവുമായി പ്രതിപക്ഷ നേതാവിനെയും സന്ദർശിച്ചു.
നിമിഷ പ്രിയയുടെ വധശിക്ഷയ്ക്കെതിരെ യെമൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ കേന്ദ്ര സർക്കാർ സഹായം നൽകുമെന്ന് അറിയിച്ചിരുന്നു. ഡൽഹി ഹൈക്കോടതിയിൽ സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിൽ നൽകിയ ഹർജി പരിഗണിക്കവേയാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. യെമനിലെത്തി ചർച്ചകൾ നടത്തനുള്ള സഹായവും നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
ALSO READ: Nimisha Priya : നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കത്തെ വാക്കാൽ പിന്തുണച്ച് കേന്ദ്ര സർക്കാർ
മാർച്ച് 7 തിങ്കളാഴ്ച നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ തലസ്ഥാനമായ സനായിലെ അപ്പീൽ കോടതി ശരിവെച്ചിരുന്നു. നിലവിൽ യെമന്റെ സുപ്രീം ജുഡീഷ്യൽ കൗൺസിലാണ് നിമിഷയ്ക്ക് മുമ്പിലുള്ള പ്രതീക്ഷ. യെമൻ പ്രസിഡന്റ് അധ്യക്ഷനായ ജുഡീഷ്യൽ കൗൺസിലാണ് കേസ് പരിഗണിക്കുക. എന്നാൽ അതിൽ അപ്പീൽ നടപടിക്രമങ്ങൾ കൃത്യമായിരുന്നോ എന്ന് മാത്രമെ പരിശോധിക്കാൻ സാധ്യതയുള്ളു.
പാലക്കാട് കൊലങ്കോട് സ്വദേശിനിയാണ് നിമിഷ. 2017 ജൂലൈ 25നാണ് യെമൻ പൗരനായ തലാൽ മഹ്ദിയെ നിമിഷ പ്രിയ കൊന്ന് വാട്ടർടാങ്കിൽ ഒളിപ്പിച്ചത്. ഈ കേസിൽ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. കീഴ് കോടതി വിധിക്കെതിരെ അപ്പീലിന് പോയെങ്കിലും മാർച്ച് ഏഴിന് വധശിക്ഷ ശരിവെക്കുകയായിരുന്നു.
തന്നെ യെമൻ പൗരൻ തടഞ്ഞ് വെച്ചിരിക്കുകയായിരുന്നുവെന്നും അവിടെ നിന്ന് രക്ഷപ്പെടുന്നതിനിടെ ആത്മരക്ഷാർഥം കൊല ചെയ്തതാണെന്നുമാണ് നിമിഷയുടെ വാദം. സ്ത്രീയെന്ന പരിഗണനയും മകന്റെയും അമ്മയുടെയും കാര്യങ്ങൾ മുൻനിർത്തിയുമാണ് നിമിഷ ശിക്ഷ ഇളവിനായി കോടതിയെ സമീപിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.