തീരദേശ പോലീസ് സംവിധാനം പഠിക്കാന്‍ ഒഡീഷ സംഘം കൊച്ചിയില്‍

കേരളത്തിലെ കോസ്റ്റല്‍ പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഐ.ജി പി.വിജയന്‍ സംഘത്തിന് വിശദീകരിച്ചുനല്‍കി

Written by - Zee Malayalam News Desk | Last Updated : May 24, 2022, 08:28 PM IST
  • കേരളത്തിലെ തീരദേശപോലീസ് വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങളിലും നേട്ടങ്ങളിലും ഒഡീഷ സംഘം സംതൃപ്തി രേഖപ്പെടുത്തി
  • രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തീരദേശ പോലീസ് വഹിക്കുന്ന പങ്കിനെ സംഘം പ്രശംസിച്ചു
തീരദേശ പോലീസ് സംവിധാനം പഠിക്കാന്‍ ഒഡീഷ സംഘം കൊച്ചിയില്‍
തിരുവനന്തപുരം: കേരളത്തിലെ കോസ്റ്റല്‍ പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ ഒഡീഷയില്‍ നിന്നുള്ള ഉന്നതതലസംഘം കൊച്ചിയിലെത്തി. ഒഡീഷ തീരദേശ പോലീസ് വിഭാഗം എ.ഡി.ജി.പി സുധാംശു സാരംഗിന്‍റെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയില്‍ തീരദേശ പോലീസ് ആസ്ഥാനത്ത് ഐ.ജി പി.വിജയനെ സന്ദര്‍ശിച്ചു. ഒഡീഷയിലെ കോസ്റ്റ് ഗാര്‍ഡ് മേധാവി കമാണ്ടര്‍ അമിത് കെ.ആര്‍ ശ്രീവാസ്തവ, ഫിഷറീസ് ഡയറക്ടര്‍ എസ്.ആര്‍ പ്രധാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
 
കേരളത്തിലെ കോസ്റ്റല്‍ പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഐ.ജി പി.വിജയന്‍ സംഘത്തിന് വിശദീകരിച്ചുനല്‍കി. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ്, നേവി, സ്പെഷ്യല്‍ ബ്രാഞ്ച്, ഇന്‍റെലിജന്‍സ് ബ്യൂറോ എന്നിവയുമായി ചേര്‍ന്ന് നടത്തിയ സംയുക്തയോഗത്തില്‍ തീരദേശപോലീസിന്‍റെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. 
 
വിവിധ ജില്ലകളിലെ തീരദേശ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മനസ്സിലാക്കാനായി സ്റ്റേഷന്‍ ഹൗസ് ഓഫീസർമാരുമായി ഓൺലൈനില്‍ ആശയവിനിമയം നടത്തി. കടലോരമേഖലയെ 523 ബീറ്റ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാക്കി തിരിച്ച ബ്ലൂ ബീറ്റ് സംവിധാനം, കടലോരജാഗ്രതാ സമിതി, ഹാര്‍ബര്‍ സുരക്ഷാസമിതി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സംഘം മനസ്സിലാക്കി.
 
കേരളത്തിലെ തീരദേശപോലീസ് വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങളിലും നേട്ടങ്ങളിലും ഒഡീഷ സംഘം സംതൃപ്തി രേഖപ്പെടുത്തി. കടലില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ തടയുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തീരദേശ പോലീസ് വഹിക്കുന്ന പങ്കിനെ സംഘം പ്രശംസിച്ചു. ഈ മേഖലയില്‍ കേരളത്തിലെ മാതൃക അനുകരണീയമാണെന്നും ഇതിനെ അടിസ്ഥാനമാക്കി പഠിച്ച് ഒഡീഷ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്നും എ.ഡി.ജി.പി സുധാംശു സാരംഗി പറഞ്ഞു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News