മലപ്പുറം : വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരന് മരിച്ചു. കരേക്കാട് കടവഞ്ചേരി കപ്പൂരത്ത് വീട്ടില്‍ മുഹമ്മദ് ഹംദാനാണ് മരിച്ചത്. ഇന്ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ മുഹമ്മദ് ഹംദാന്റെ ദേഹത്തേക്ക് മഴയില്‍ കുതിര്‍ന്നു നിന്ന കല്ലുവീഴുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് കുട്ടിയെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കൊളമംഗലം എം.ഇ.ടി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ഹംദാന്‍. ഹംസയാണ് പിതാവ്, സഹീറ മാതാവ്, മുഹമ്മദ് ഹനാന് സഹോദരനാണ്. അപകടത്തിൽ കാടാമ്പുഴ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടു നല്‍കും.
അതേസമയം പാലക്കാട് കരിമ്പുഴ പുഴയിലെ പാറക്കടവിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ട്. ശ്രീകൃഷ്ണപുരം സർക്കാർ എൻജിനീയറിങ്ങ് കോളജിലെ നാലാം വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിദ്യാർത്ഥികളാണ് മുങ്ങിമരിച്ചത്. കടമ്പഴിപ്പുറം ആലങ്ങാട് ചെരിപ്പുറത്ത് വീട്ടിൽ ഹൈദ്രോസിന്റെയും നബീസത്തുൽ മുസിയയുടെയും മകൻ ഫഹദും കൊല്ലങ്കോട് നെൽമണി എൽപി സ്കൂളിനു സമീപം താമസിക്കുന്ന കറുപ്പു സ്വാമിയുടെയും ബേബിയുടെയും മകൻ ആദർശുമാണ് മരിച്ചത്.
ഇന്ന് വൈകുന്നേരം മൂന്നര മണിയോടെയായിരുന്നു അപകടം. പതിനഞ്ചോളം സഹപാഠികൾക്കൊപ്പമാണ് ഫഹദും ആദർശും കുളിക്കാനായി പുഴയിലേക്ക് ഇറങ്ങിയത്. പുഴയിലിറങ്ങിയ ഫഹദ് ഒഴുക്കിൽപ്പെടുകയും നീന്തൽ അറിയാത്ത ഫഹദിനെ രക്ഷപ്പെടുത്താനായി ആദർശ് കൂടെയിറങ്ങുകയുമായിരുന്നു. ഇതിനിടെ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു വിദ്യാർത്ഥികളും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വിദ്യാർത്ഥികളെ കണ്ടെത്തിയത്. ഇവരെ ഉടൻ തന്നെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...