തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കുള്ള സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായുള്ള കല്ലിടലിനെതിരെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ കല്ലുകൾ സ്ഥാപിക്കുന്നതിനായി കരാർ നൽകിയ കമ്പനി പിൻമാറി. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെൽസിറ്റി കൺസൾട്ടിംഗ് എഞ്ചിനിയേഴ്സ് എന്ന സ്ഥാപനമാണ് കെ റെയിൽ കരാറിൽ നിന്ന് പിന്മാറിയത്. കല്ലിടലിന് എതിരായി ജനങ്ങളുടെ പ്രതിഷേധം തുടരുന്നതിനാലാണ് കമ്പനിയുടെ തീരുമാനം. പ്രതിഷേധം തുടർന്നാൽ നിശ്ചിത സമയപരിധിക്കുള്ളിൽ കല്ലുകൾ സ്ഥാപിക്കാനാകില്ല എന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
കോട്ടയം മുതൽ എറണാകുളം വരെയും തൃശൂർ മുതൽ മലപ്പുറം വരെയുമുള്ള ഭാഗങ്ങളിൽ കല്ലുകൾ സ്ഥാപിക്കുന്നതിനാണ് കെ റെയിലുമായി കമ്പനി കരാറിൽ ഏർപ്പെട്ടത്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു കമ്പനിയും കെ റെയിലും തമ്മിൽ ഇത് സംബന്ധിച്ച കാരറിൽ ഏർപ്പെട്ടത്. ആറ് മാസത്തിനകം കല്ലിടൽ പൂർത്തിയാക്കണമെന്നായിരുന്നു കരാർ. എന്നാൽ പ്രതിഷേധത്തെ തുടർന്ന് പലയിടത്തും കല്ലുകൾ സ്ഥാപിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. മിക്കയിടത്തും സഥാപിച്ച കല്ലുകൾ പ്രതിഷേധക്കാർ പിഴുതെറിയുകയും ചെയ്തു.
കരാറിൽ നിന്ന് പിൻമാറുന്നു എന്ന് കണിച്ച് നേരത്തെ തന്നെ കമ്പനി കെ റെയിലിന് കത്ത് നൽകിയിരുന്നു. അതേ സമയം കമ്പനി സ്വയം പിൻമാറിയതല്ലെന്നും ഒഴിവാക്കിയതാണെന്നുമാണ് കെ റെയിലിന്റെ വിശദീകരണം. മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ കല്ലിടാനുളള കരാറിൽ നിന്ന് കമ്പനിയെ ഒഴിവാക്കുകയായിരുന്നുവെന്ന് കെ റെയിൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...