Thrikkakara By Election Result: മുഖ്യമന്ത്രിയിറങ്ങി, മന്ത്രിമാര്‍ വീടുകയറി, എംഎല്‍എമാര്‍ ക്യാമ്പ് ചെയ്തു... പക്ഷേ, തോറ്റ് തുന്നംപാടുന്ന സിപിഎം! കാരണം?

Thrikkakara By-Election Result 2022: കോണ്‍ഗ്രസിന് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട ഒരു മണ്ഡലം എന്നാണ് തൃക്കാക്കര വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഇത്തവണ ഭൂരിപക്ഷം ഉയരാനുള്ള കാരണം അത് മാത്രമല്ല.

Written by - Zee Malayalam News Desk | Last Updated : Jun 3, 2022, 10:17 AM IST
  • ട്വന്റി-20 - ആം ആദ്മി പാർട്ടി സഖ്യത്തിന്റെ വോട്ടുകൾ എങ്ങോട്ടുപോയി എന്നതിന്റെ കൃത്യമായ സൂചനയാണ് ഉപതിരഞ്ഞെടുപ്പ് ഫലവിവരങ്ങൾ നൽകുന്നത്
  • സിപിഎമ്മിന്റെ സ്ഥാനാർത്ഥി നിർണയം മുതൽ പാളിച്ച പറ്റിയോ എന്ന ചോദ്യവും ഉയരുന്നുണ്ട്
  • ബിജെപിയുടെ വോട്ടുകൾ കുറഞ്ഞോ കൂടിയോ എന്നതും നിർണായകമാണ്
Thrikkakara By Election Result: മുഖ്യമന്ത്രിയിറങ്ങി, മന്ത്രിമാര്‍ വീടുകയറി, എംഎല്‍എമാര്‍ ക്യാമ്പ് ചെയ്തു... പക്ഷേ, തോറ്റ് തുന്നംപാടുന്ന സിപിഎം! കാരണം?

തൃക്കാക്കര: പിടി തോമസിന്റെ മരണശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ആര് സ്ഥാനാര്‍ത്ഥിയാകണം എന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ വലിയ തര്‍ക്കമൊന്നും ഉണ്ടായിരുന്നില്ല. പിടിയുടെ ഭാര്യ ഉമ തോമസിനെ മത്സരിപ്പിക്കാന്‍ ഐകകണ്‌ഠേന തീരുമാനിക്കപ്പെട്ടു. ആ നിമിഷം മുതല്‍ യുഡിഎഫ് വിജയത്തിന്റെ പാതയില്‍ ആയിരുന്നു. 

എന്നാല്‍ ആരായിരിക്കണം രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ആദ്യ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ സിപിഎമ്മിന് അല്‍പം ആശയക്കുഴപ്പമുണ്ടായിരുന്നു. അഡ്വ കെഎസ് അരുണ്‍കുമാറിന്റെ പേര് ആദ്യം ഉയര്‍ന്നെങ്കിലും ഒടുവില്‍ അപ്രതീക്ഷിതമായി ഡോ ജോ ജോസഫിനെ തീരുമാനിച്ചു. അതിന് ശേഷം ജോ ജോസഫ് ആദ്യമായി മാധ്യമ പ്രവര്‍ത്തകരെ കണ്ട വാര്‍ത്താ സമ്മേളനം മുതലേ സിപിഎമ്മിന് പാളി.

Read Also: യുഡിഎഫിന് മുന്നേറ്റം; പിടിയേക്കാൾ ലീഡ് ഉയർത്തി ഉമ തോമസ്

സഭയുടെ സ്ഥാനാര്‍ത്ഥി എന്ന മട്ടില്‍ ജോ ജോസഫിനെ വിമര്‍ശന മുനയില്‍ നിര്‍ത്താന്‍ യുഡിഎഫിന് സാധിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ ഈ ആരോപണം പൊളിച്ചടുക്കാന്‍ സിപിഎമ്മിന് സാധിച്ചു. പക്ഷേ, അടിത്തട്ടില്‍ അതില്‍ വിജയിച്ചില്ല എന്ന് വേണം വിലയിരുത്താന്‍. 100 സീറ്റ് തികയ്ക്കുക എന്നത് മാത്രമായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം. എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇത് ജീവന്‍മരണ പോരാട്ടമായിരുന്നു. തൃക്കാക്കരയില്‍ തോറ്റാല്‍ പിന്നെ കേരളത്തില്‍ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം.

100 തികയ്ക്കാന്‍ എല്‍ഡിഎഫ് എണ്ണയിട്ട യന്ത്രം പോലെയാണ് തൃക്കാക്കരയില്‍ പ്രവര്‍ത്തിച്ചത്. അമേരിക്കയില്‍ ചികിത്സ പൂര്‍ത്തിയാക്കി തിരിച്ചെത്തിയ മുഖ്യമന്ത്രി ആദ്യം ഇറങ്ങിയത് തൃക്കാക്കരയില്‍ ആയിരുന്നു. സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും ചെയ്യുമെന്ന് കരുതിയ വീടുകയറിയുള്ള പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സംസ്ഥാന മന്ത്രിമാരായിരുന്നു. സിപിഎമ്മിന്റെ എംഎല്‍എമാര്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. മികച്ച സംഘാടകര്‍ എന്ന് പേരെടുത്തിട്ടുള്ള മന്ത്രി പി രാജീവിനും എം സ്വരാജിനും ആയിരുന്നു തിരഞ്ഞെടുപ്പിന്റെ ചുമതല. 

ഇത്രയൊക്കെ ചെയ്തിട്ടും തൃക്കാക്കരയില്‍ എല്‍ഡിഎഫിന് ഒന്നും ചെയ്യാനായില്ല. ആദ്യ റൗണ്ടുകള്‍ മുതല്‍ പിടി തോമസിനേക്കാള്‍ വലിയ ഭൂരിപക്ഷം സ്വന്തമാക്കിക്കൊണ്ടായിരുന്നു ഉമ തോമസിന്റെ മുന്നേറ്റം. ഇത്തവണ വിജയിക്കാന്‍ ആയില്ലെങ്കില്‍ പോലും, ഭൂരിപക്ഷം വലിയതോതില്‍ കുറയ്ക്കാനാകും എന്ന പ്രതീക്ഷയിലായിരുന്നു സിപിഎമ്മും എല്‍ഡിഎഫും. കഴിഞ്ഞ തവണത്തേതിനേക്കാള്‍ വോട്ടിങ് ശതമാനം കുറഞ്ഞിട്ടും ഉമ തോമസ് വലിയ ഭൂരിപക്ഷം ഉണ്ടാക്കിയെങ്കില്‍ അത് സിപിഎമ്മിന്റെ പരാജയം മാത്രമായി വിലയിരുത്താന്‍ ആവില്ല.

കോണ്‍ഗ്രസിന് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട ഒരു മണ്ഡലം എന്നാണ് തൃക്കാക്കര വിശേഷിപ്പിക്കപ്പെടുന്നത്. മണ്ഡലം രൂപീകരിക്കപ്പെട്ടതിന് ശേഷം ഇതുവരെ കോണ്‍ഗ്രസ് അല്ലാതെ മറ്റാരും വിജയിച്ചിട്ടില്ല. 2021 ലെ തിരഞ്ഞെടുപ്പില്‍ എണ്ണിയ 15 റൗണ്ടിലും യുഡിഎഫിന് മാത്രമായിരുന്നു ലീഡ്. എന്നാല്‍ ഇത്തവണ ഭൂരിപക്ഷം ഉയരാനുള്ള കാരണം അത് മാത്രമല്ല.

പിടി തോമസിന്റെ മരണത്തെ തുടര്‍ന്നുള്ള സഹതാപ തരംഗത്തെ തള്ളിക്കളയാന്‍ ആവില്ല. എന്നാല്‍ കഴിഞ്ഞ തവണ ട്വന്റി20 13,897 വോട്ടുകള്‍ നേടിയിരുന്നു. ഇത്തവണ ട്വന്റി20 യും ആം ആദ്മി പാര്‍ട്ടിയും ഒരുമിച്ച് ചേര്‍ന്ന സാഹചര്യമാണ്. എന്നാല്‍ അവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, ആര്‍ക്കും പിന്തുണയും പ്രഖ്യാപിച്ചില്ല. പക്ഷേ, ട്വന്റി20 - ആം ആദ്മി സഖ്യത്തിന്റെ പൂര്‍ണ പിന്തുണ ഇത്തവണ യുഡിഎഫിന് ലഭിച്ചു എന്ന് കരുതേണ്ടിവരും. അതുപോലെ തന്നെ ബിജെപിയുടെ ഒരു വിഭാഗം വോട്ടുകളും ഉമ തോമസിന് ലഭിച്ചിട്ടുണ്ട്. സഭയുടെ സ്ഥാനാര്‍ത്ഥി എന്ന മട്ടില്‍ ജോ ജോസഫ് അവതരിപ്പിക്കപ്പെട്ടതോടെ മുസ്ലീം വിഭാഗങ്ങളില്‍ നിന്നുള്ള വോട്ടുകളും യുഡിഎഫ് സമാഹരിച്ചിട്ടുണ്ട് എന്ന് വിലയിരുത്തേണ്ട സാഹചര്യമാണുള്ളത്.

എന്തായാലും യുഡിഎഫിനേയും കോണ്‍ഗ്രസിനേയും സംബന്ധിച്ച് ഈ വിജയം ഏറെ നിര്‍ണായകമാണ്. സിപിഎമ്മിനെ സംബന്ധിച്ച് ചില വലിയ തിരുത്തലുകള്‍ക്കും പുനര്‍ചിന്തകള്‍ക്കും ഉള്ള മുന്നറിയിപ്പ് കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News