തിരുവനന്തപുരം: മിത്ത് വിവാദം സഭയിൽ കത്തിക്കേണ്ടതില്ലെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനം. വലിയ പ്രതിഷേധമുയർത്തില്ലെങ്കിലും മുഖ്യമന്ത്രിയുടെ മൗനത്തെ പ്രതിപക്ഷം രാഷ്ട്രീയമായി ചോദ്യം ചെയ്യും. സ്പീക്കർക്കെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവരില്ല. എ.എൻ ഷംസീർ നിലപാട് തിരുത്തണമെന്ന കാര്യത്തിൽ നിന്ന് യുഡിഎഫ് പിന്നോട്ടില്ലെന്നും യോഗത്തിൽ നേതാക്കൾ വ്യക്തമാക്കി. അതേസമയം, വിവാദത്തിൽ കോൺഗ്രസ് സിപിഎമ്മുമായി ഒത്തുതീർപ്പുണ്ടാക്കിയെന്ന് ബിജെപി വിമർശിച്ചു.
മിത്തിൽ നിലപാട് വ്യക്തമാക്കുകയാണ് യുഡിഎഫ്. സ്പീക്കറുടെ ഗണപതി പരാമർശത്തിൽ വിവാദം കൊഴുപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. വർഗ്ഗശക്തികൾക്ക് അവസരം കൊടുക്കരുതെന്നാണ് നേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടത്. വലിയ പ്രതിഷേധമുയർത്തില്ലെങ്കിലും സ്പീക്കർ മാപ്പു പറയണമെന്ന് നിലപാടിലുറച്ചാണ് യുഡിഎഫ് നിൽക്കുന്നത്. എൻഎസ്എസ് പക്വമായ നിലപാടാണ് സ്വീകരിച്ചതെന്നും നേതാക്കൾ വിലയിരുത്തി.
ALSO READ: ജസ്റ്റിസ് എസ് മണികുമാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ; വിയോജിപ്പുമായി പ്രതിപക്ഷ നേതാവ്
അതേസമയം, കോൺഗ്രസ് സിപിഎമ്മുമായി ഒത്തുതീർപ്പ് ഉണ്ടാക്കിയെന്നും ഷംസീർ മാപ്പ് പറയും വരെ പ്രതിഷേധിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കി. നിയമസഭയിൽ സ്പീക്കർക്കെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുക്കാത്തത് വോട്ട് ബാങ്ക് രാഷ്ട്രീയ താത്പര്യമുള്ളതിനാലെന്നും വിമർശനമുണ്ട്. ഗണപതി ഹിന്ദു ദൈവമായതു കൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധിക്കാൻ തയ്യാറാകാത്തത്. മറ്റേതെങ്കിലും മതത്തിലെ ദൈവങ്ങളായിരുന്നു അധിക്ഷേപത്തിനിരയായിരുന്നെങ്കിൽ യുഡിഎഫ് മിണ്ടാതിരിക്കുമായിരുന്നോ എന്നും സുരേന്ദ്രൻ ചോദിച്ചു.
അതേസമയം, നാളെ നിയമസഭയ്ക്ക് മുന്നിലേക്ക് യുവമോർച്ചയുടെ മാർച്ചും പത്തിന് ബിജെപിയുടെ നാമജപഘോഷയാത്രയും നടക്കും. വിഷയത്തിൽ എൻഎസ്എസ് ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. മിത്ത് കത്തിക്കേണ്ടതില്ലെന്ന നിലപാട് യുഡിഎഫ് തീരുമാനിക്കുമ്പോൾ സഭയ്ക്ക് പുറത്ത് വിവാദം ആയുധമാക്കാനാണ് ബിജെപിയുടെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...