സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി വിജേഷ് പിള്ള. ബിസിനസ് ആവശ്യത്തിനായാണ് സ്വപ്ന സുരേഷുമായി കൂടിക്കാഴ്ച നടത്തിയത്. പുറത്ത് വന്നത് രണ്ട് ദിവസം മുൻപുള്ള ചർച്ചയുടെ ദൃശ്യങ്ങൾ. ഒരേ നാട്ടുകാരാണെങ്കിലും എംവി ഗോവിന്ദനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നും വിജേഷ് പിള്ള.
വെബ് സീരീസുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. ഭീഷണിപ്പെടുത്തിയെന്ന വാദം തെറ്റ്. താൻ ഭീഷണിപ്പെടുത്തിയെന്ന വാദം സ്വപ്ന തെളിയിക്കട്ടെ. ഇത് സംബന്ധിച്ച തെളിവുകൾ സ്വപ്ന പുറത്ത് വിടട്ടെയെന്നും വിജേഷ് പിള്ള മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയുമായി ഒത്തുതീർപ്പിന് ശ്രമിച്ചിട്ടില്ലെന്നും വിജേഷ് പിള്ള വ്യക്തമാക്കി.
സ്വർണ്ണക്കടത്ത് കേസ് സെറ്റിൽ ചെയ്യാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തതായി സ്വപ്ന സുരേഷ് ഇന്നലെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ഇതുവരെ താൻ പറഞ്ഞതൊക്കെ കള്ളമാണെന്ന് പറയണമെന്നായിരുന്നു ആവശ്യം. ഗോവിന്ദൻമാഷ് തന്നെ തീർത്ത് കളയുമെന്ന് പറഞ്ഞുവെന്ന് തന്നെ കാണാൻ വന്നയാൾ പറഞ്ഞതായും സ്വപ്ന വ്യക്തമാക്കിയിരുന്നു.
യൂസഫലിയുടെ സ്വാധീനം വഴി എയർപോർട്ടിൽ വെച്ച് തന്നെ കുടുക്കും എന്നും ഭീഷണി ഉണ്ടായിരുന്നു. ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് എത്തിയായിരുന്നു കൂടിക്കാഴ്ച. വാഗ്ദാനങ്ങളുമായി വിജയ് പിള്ള എന്നൊരാൾ തന്നെ സമീപിച്ചുവെന്നാണ് സ്വപ്ന സുരേഷ് ആരോപിച്ചത്.
ബെംഗളൂരു വിട്ട് ഹരിയാനയിലേക്കോ, ജയ്പൂരിലേക്കോ പോകണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള തെളിവുകൾ തരണമെന്നും ആവശ്യപ്പെട്ടെന്ന് സ്വപ്ന തന്റെ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. തന്റെ ജീവന് ഭീക്ഷണിയുണ്ടെന്നും സ്വപ്ന വ്യക്തമാക്കി. താൻ ഒത്തു തീർപ്പിന് വഴങ്ങുമെന്ന് കരുതരുത്. സ്വർണ്ണക്കടത് കേസിൽ തനിക്ക് പങ്കില്ലെന്നും സ്വപ്ന പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...