അപർണ ബാലമുരളി കേന്ദ്ര കഥാപാത്രമായെത്തുന്ന 'ഇനി ഉത്തരം' റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബർ ഏഴിന് ചിത്രം പ്രേക്ഷകരിലേക്കെത്തും. ചിത്രത്തിലെ ജാഫർ ഇടുക്കിയുടെ ക്യാരക്ടർ പോസ്റ്ററും പുറത്തിറക്കി. പാസ്റ്റർ പ്രകാശൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. ജാഫർ ഇടുക്കി മലയാള സിനിമയിൽ എത്തിയിട്ട് പതിനേഴ് വർഷം പൂർത്തിയാവുകയാണ്. തനിക്ക് കിട്ടിയ കഥാപാത്രങ്ങളെയെല്ലാം തന്നെ മികവോടെ അവതരിപ്പിക്കുന്നതിൽ താരം മിടുക്ക് കാട്ടാറുണ്ട്. മിമിക്രി കലാകാരനായാണ് ജാഫർ കലാരംഗത്തേക്ക് എത്തുന്നത്. തുടർന്ന് നിരവധി വേദികളിൽ തിളങ്ങിയ അദ്ദേഹം സിനിമയിലേക്ക് എത്തുകയായിരുന്നു. തികച്ചും അനായാസമായാണ് തനിക്ക് ലഭിക്കുന്ന ഓരോ കഥാപത്രങ്ങളെയും ജാഫർ അവതരിപ്പിക്കുന്നത്.
ഇതിനോടകം നിരവധി ചിത്രങ്ങളിൽ വേഷമിട്ട ജാഫർ ആദ്യമായി പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിയത് രഞ്ജിത്തിന്റെ കയ്യൊപ്പ് എന്ന ചിത്രത്തിലെ ലോഡ്ജിലെ ജീവനക്കാരൻ ബാബു എന്ന കഥാപാത്രമായിട്ടായിരുന്നു. പിന്നീട് അതെ വർഷം തന്നെ ഇറങ്ങിയ ബിഗ്ബി എന്ന ചിത്രത്തിലെ ഡോഗ് ഷംസു എന്ന കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് കോമഡിവേഷങ്ങളിൽ ഒതുങ്ങിപ്പോയ താരത്തിന് ഒരു റീബർത്ത് കൊടുത്തതാവട്ടെ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ കുഞ്ഞുമോൻ എന്ന കഥാപാത്രമായിരുന്നു. പിന്നീട് അങ്ങോട്ട് വന്ന ഏതാണ്ട് എല്ലാ ചിത്രങ്ങളിലും ജാഫർ ഇടുക്കി എന്ന താരത്തിന് സഹനടനായി ചിത്രങ്ങളിലെ നിർണ്ണായക കഥാപാത്രങ്ങളായി വേഷം ലഭിച്ചു തുടങ്ങി.
ജെല്ലിക്കെട്ട്, കെട്ട്യോളാണെന്റെ മാലാഖ, ഇഷ്‌ക്, അഞ്ചാം പാതിരാ, ചുരുളി തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളെ എടുത്തു പറയുക തന്നെ വേണം. അത്തരത്തിൽ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിക്കുവാൻ പോകുന്ന കഥാപാത്രമാണ് "ഇനി ഉത്തരം" എന്ന ചിത്രത്തിലെ ജാഫറിന്റെ കഥാപാത്രം എന്നാണ് അറിയുന്നത്. സുധീഷ് രാമചന്ദ്രൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. എ&വി എന്റർടെയിന്റ്മെന്റിന്റെ ബാനറിൽ സഹോദരന്മാരായ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജുശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രഞ്ജിത്ത്- ഉണ്ണി എന്നിവർ രചന നിർവ്വഹിച്ച ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകൻ രവിചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ. കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.
കഴിഞ്ഞ ദിവസം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ ചന്തുനാഥ് തന്റെ കഥാപാത്രത്തെ കുറിച്ചും സിനിമയോടുള്ള കാഴ്ചപ്പാടിനെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള എസ്.ഐ പ്രശാന്ത് എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ഇനി ഉത്തരത്തിലെ കഥാപാത്രം പ്രേക്ഷകരുടെ പ്രതിനിധിയായ കഥാപാത്രമാണെന്നാണ് ചന്തുനാഥ് പറഞ്ഞത്. ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കുമ്പോൾ ഒരു പെർഫോമർ എന്ന നിലയിൽ എന്തെങ്കിലും സ്പെയ്സ് ഉള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കാറ്. മാത്രമല്ല സിനിമയിൽ ഒരു പാട് ചോയിസ് ഉള്ളൊരാളല്ല താനെന്നും ചന്തു പറഞ്ഞു. ഇനി ഉത്തരത്തിലെ കഥാപാത്രം പ്രേക്ഷകരുടെ പ്രതിനിധിയായ കഥാപാത്രമാണ്. സിനിമകളുടെ വിജയ പരാജങ്ങൾ സംഭവിക്കുന്നതിനെക്കുറിച്ചും വ്യക്തമായ നിലപാട് ചന്തു പറയുന്നു. സിനിമകളുടെ പ്രമോഷന് ആളുകളെ തീയറ്ററിൽ എത്തിക്കാൻ കഴിയുമെങ്കിലും ഒരു സിനിമയുടെ ഭാവി തീരുമാനിക്കപ്പെടുന്നത് പ്രേക്ഷകരുടെ അഭിപ്രായത്തിലാണ്. റിവ്യൂ പറയുന്നവർ മോശമാക്കി കാണിക്കാൻ ശ്രമിച്ച സിനിമകൾ വിജയമായിട്ടുണ്ട് റിവ്യൂകളുടെ അപ്പുറത്തേക്ക് കോമൺമാൻ എന്ന വിഭാഗമാണ് സിനിമയെ വിജയിപ്പിക്കുന്നതെന്നും താരം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...