ഷാരുഖ് ഖാൻ, ദീപിക പദുകോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പത്താൻ സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ചൂടുപിടിക്കുകയാണ്. ചിത്രത്തിലെ 'ബേഷരം രംഗ്' എന്ന ഗാനം പുറത്ത് വന്നതിന് പിന്നാലെയാണ് താരങ്ങൾക്കെതിരെയും ചിത്രത്തിനെതിരെയും പ്രതിഷേധം ഉയർന്നത്. ചിത്രത്തിനും താരങ്ങൾക്കുമെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സംഭവത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഷാരുഖ് ഖാൻ.
എന്തൊക്കെ സംഭവിച്ചാലും താനും തന്നെ പോലെ പോസിറ്റിവായി ചിന്തിക്കുന്നവരും ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട് എന്നാണ് താരം പറഞ്ഞത്. സോഷ്യൽ മീഡിയ നിറയെ ഇപ്പോൾ നെഗറ്റിവിറ്റിയാണെന്നും എന്താണെങ്കിലും തങ്ങളെ പോലെയുള്ളവർ പോസിറ്റിവായി തുടരുമെന്നും ഷാരൂഖ് ഖാൻ പറഞ്ഞു. കൊൽക്കത്തയിൽ നടക്കുന്ന ഇരുപത്തിയെട്ടാമത് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേയാണ് ഷാരൂഖ് ഖാന്റെ പ്രതികരണം.
ALSO READ: Pathaan Movie : ദീപിക പദുക്കോണിന്റെ ബിക്കിനിയുടെ നിറം കാവി; പത്താൻ ബോയ്‌കോട്ട് ചെയ്യണമെന്ന് ആഹ്വാനം
'മനുഷ്യ സ്വഭാവത്തെ തന്നെ ബാധിക്കുന്ന ചില ഇടുങ്ങിയ ചിന്താഗതികൾക്ക് വിധേയമാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്- സോഷ്യൽ മീഡിയ നെഗറ്റിവിറ്റി വർധിപ്പിക്കുന്നുവെന്ന്. ഇത് നാടിനെ വിഭജനത്തിലേക്കും വിദ്വേഷത്തിലേക്കുമാണ് നയിക്കുന്നത്.' ഷാരൂഖ് ഖാൻ പറഞ്ഞു. പത്താൻ സിനിമയുടെ പേര് പ്രതിപാദിക്കാതെയായിരുന്നു ഷാരൂഖ് ഖാന്റെ പ്രതികരണം. പ്രസംഗത്തിന്റെ ഒടുവിൽ ഹിന്ദിയിൽ ഷാരൂഖ് ഖാൻ പറഞ്ഞ വാചകമാണ് ഇതിൽ ഏറെ ശ്രദ്ധയാകർഷിച്ചത്. 'ആര് എന്ത് വേണമെങ്കിലും ചെയ്യട്ടെ, ഞാനും നിങ്ങളും, പോസിറ്റീവായി ചിന്തിക്കുന്ന എല്ലാവരും ജീവനോടെ ഉണ്ട്' എന്നായിരുന്നു ഷാരൂഖാൻറെ പ്രതികരണം.
അമിതാഭ് ബച്ചൻ, ജയാ ബച്ചൻ, റാണി മുഖർജി, മഹേഷ് ബാബു, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ക്രിക്കറ്റ് താരം സൗരവ് ഗാ൦ഗുലി എന്നിവരും കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. സനാതൻ സംസ്കാരത്തെയും ഹിന്ദുത്വത്തെയും അപമാനിക്കുന്ന രീതിയിലാണ് ചിത്രത്തിലെ ഗാനരംഗത്തിൽ ദീപിക പ്രത്യക്ഷപ്പെടുന്നത് എന്ന ആരോപണം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഷാരൂഖാന്റെ പ്രതികരണം.
ചിത്രം റിലീസ് ചെയ്യുന്നതിൽ നിന്നും അണിയറ പ്രവർത്തകരെ വിലക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്ര രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ ഗാനരംഗത്തിൽ ദീപിക പദുകോൺ കാവി നിറത്തിലുള്ള ബിക്കിനി ഉപയോഗിച്ചുവെന്നതാണ് ഇതിന് കാരണമായി മന്ത്രി ചൂണ്ടിക്കാട്ടിയത്. ഡിസംബർ 12ന് റിലീസ് ചെയ്ത ഗാനത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് വിശാൽ, ഷെയ്‌ഖർ എന്നിവർ ചേർന്നാണ്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമിക്കുന്ന ചിത്രം ജനുവരി 25ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...