ഒരുപാട് വർഷത്തെ കാത്തിരിപ്പിന് ശേഷം പൊന്നിയിൻ സെൽവൻ വെള്ളിത്തിരയിൽ എത്തിയപ്പോൾ ആദ്യ ഷോ കണ്ട് കഴിഞ്ഞിറങ്ങുമ്പോൾ മണി രത്‌നം ഒരുക്കിയ ഈ ബ്രഹ്മാണ്ഡ സിനിമ ക്‌ളാസ് കൊണ്ട് നിറഞ്ഞ് നിൽക്കുന്നതാണ്. ഒരു മാസ്സ് ആക്ഷൻ പടമല്ല. മറിച്ച് ചരിത്രം പോലെ കൽക്കിയുടെ പുസ്തകം പോലെ മണി രത്‌നം തന്റെ സ്വപ്നം ഗംഭീരമായി ഒരുക്കിവെച്ചിട്ടുണ്ട്.
മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന ചിത്രമായിട്ടും സിനിമയിൽ ഒരു സ്ഥലത്ത് പോലും ലാഗ് അനുഭവപ്പെട്ടില്ല എന്നത് എടുത്ത് പറയേണ്ടതാണ്. നല്ല മുഹൂർത്തങ്ങൾ കൊണ്ട് നിറഞ്ഞ ആദ്യ പകുതിയും അതിനേക്കാൾ എത്രയോ ഗംഭീരമായി ഒരുക്കിയിട്ടുള്ള രണ്ടാം പകുതിയും അവസാനം ഒരു ചെറിയ ആകാംഷ നിറയ്ക്കുന്ന രംഗം കൂടി ആവുന്നതോടെ പ്രേക്ഷകന് കിട്ടുന്നത് പൂർണ സംതൃപ്തിയും രണ്ടാം ഭാഗം കാണാനുള്ള കാത്തിരിപ്പുമാണ്.
കിട്ടിയ കഥാപാത്രങ്ങൾ എല്ലാ അഭിനേതാക്കളും നല്ല ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട് എന്നത് വലിയ പ്രത്യേകതയാണ്. ഓരോ ഫ്രെയിമും ആർട്ടിസ്റ്റുകളെ കൊണ്ട് നിറഞ്ഞ് നിൽക്കുന്നത് കൊണ്ട് തന്നെ എക്സ്പീരിയൻസ് എന്നത് ഓരോ ഷോട്ടിലും പ്രകടം. മണി രത്‌നത്തിന്റെ മനസ്സിൽ ഉള്ളത് ഒപ്പിയെടുക്കാൻ രവി വർമൻ എന്ന ഛായാഗ്രാഹകന് സാധിച്ചു. എ ആർ റഹ്മാൻ നിറഞ്ഞാടിയിരിക്കുകയാണ്. വെന്ത് തനിന്തത് കാടിന് ശേഷം എ ആറിന്റെ മറ്റൊരു സെറ്റിങ് അപ്പ് കാണാം. ശ്രീകാന്ത് പ്രസാദിന്റെ എഡിറ്റിങ്ങും എടുത്ത് പറയേണ്ടതാണ്.
ഇനി രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പാണ്. വലിയ ഒരു ചോദ്യ ചിഹ്നം പ്രേക്ഷകന്റെ മനസ്സിൽ കോറിയിട്ടാണ് തിയേറ്ററിൽ നിന്ന് പുറത്തേക്ക് വിടുന്നത്. 2023ൽ രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് സൂചനകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...