കന്യാസ്ത്രീയുടെ പ്രണയം എന്ന ടാഗ് ലൈനോടെ വന്നു. ട്രെയിലെറും സോങ്ങും റിലീസ് ആയി, ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടെങ്കിലും സോഷ്യൽ മീഡിയയിൽ വിവാദമായിരിക്കുകയാണ് നേർച്ചപ്പെട്ടി എന്ന ചിത്രം. ക്രൈസ്തവ സഭക്കെതിരെയാണ് ഈ ചിത്രം സംസാരിക്കുന്നത് എന്ന് ഊഹാപോഹങ്ങൾ ഉള്ളതിനാൽ പല ഭാഗത്തു നിന്നും സോഷ്യൽ മീഡിയ ആക്രമണങ്ങൾ ചിത്രത്തിന് നേരെ വരുന്നുണ്ടെന്നാണ് അണിയറ പ്രവർത്തകരുടെ പരാതി.
ചിത്രീകരണ സമയത്ത് തന്നെ നേർച്ചപ്പെട്ടി എന്ന ചിത്രം വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ലൊക്കേഷനിൽ എത്തിയ ഒരു സംഘം ആളുകൾ ചിത്രീകരണം തടസ്സപ്പെടുത്തുകയും കൈയ്യേറ്റ ശ്രമം നടത്തുകയും ചെയ്തിരുന്നു. എതിർപ്പുകളെ അവഗണിച്ചു കൊണ്ട് വർക്ക് പൂർത്തിയാക്കി ജൂലൈ 28ന് ചിത്രത്തിൻ്റെ റിലീസിംഗ് ഡേറ്റ് നിശ്ചയിച്ചിരുന്നു എങ്കിലും ക്രിസ്ത്യൻ മേഖലകളിൽ തിയേറ്ററുകൾ കിട്ടുന്നില്ല എന്നും ചില ബാഹ്യ ശക്തികൾ ഇടപെട്ട് തിയേറ്ററുകാരെ സ്വാധീനിച്ച് തിയേറ്റർ ബ്ലോക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും പ്രൊഡ്യൂസർ ആരോപിച്ചു.
ALSO READ: 'കലമ്പാസുരൻ ഒരു മിത്തല്ല'; ആകാംക്ഷ നിറയ്ക്കും പോസ്റ്ററുമായി 'പഞ്ചവത്സര പദ്ധതി'
തൃശ്ശൂർ കേന്ദ്രീകരിച്ചുള്ള സന്യാസ സമൂഹം ചിത്രത്തിനെതിരെ ഇറക്കിയിട്ടുള്ള സോഷ്യൽ മീഡിയ കുറിപ്പുകൾ ഇതിനോടകം വൈറലായിരിക്കുകയാണ്. വിശ്വാസികളോട് ചിത്രത്തിനെതിരെ പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യുന്ന രീതിയിലാണ് സോഷ്യൽ മീഡിയ കുറിപ്പ്. വിവിധ മേഖലകളിലുള്ള പ്രചരണ ബോർഡുകൾ വ്യാപകമായി തകർക്കപ്പെട്ടിട്ടുണ്ട്. ചിത്രം റിലീസ് ചെയ്യാൻ സമ്മതിക്കില്ലെന്നും ചിത്രത്തിനെതിരെ വ്യാപകമായ രീതിയിൽ പരാതികൾ പോകാൻ തയ്യാറെടുക്കുകയാണെന്നും ചില വിശ്വസ്ത ഇടങ്ങളിൽ നിന്നും അറിവ് കിട്ടിയിട്ടുണ്ടന്ന് പ്രൊഡ്യൂസർ പറഞ്ഞു. ചിത്രത്തിന്റെ റിലീസ് അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്. വാർത്തപ്രചരണം എം .കെ ഷെജിൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...