ഓരോ ദിവസം പിന്നിടുമ്പോഴും എഐ സാങ്കേതിക വിദ്യ ഏവരെയും അമ്പരപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗോഡ്ഫാദർ എന്ന ക്ലാസിക് ചിത്രത്തിലെ കഥാപാത്രങ്ങളായി മലയാളത്തിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ എന്നിവർ അഭിനയിച്ചാൽ എങ്ങനെയുണ്ടാകും എന്ന് വ്യക്തമാക്കുന്ന എഐ വീഡിയോ വൈറലായിരുന്നു. ഇപ്പോൾ ഇതാ മുഖ്യമന്ത്രി പിണറായി വിജയനെ ജെയിംസ് ബോണ്ടായും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ ഏഥൻ ഹണ്ടായും അവതരിപ്പിക്കുന്ന എഐ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. arun.nura എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയ്ക്ക് നിരവധിയാളുകളാണ് ലൈക്കുകളും കമന്റുകളും നൽകി രംഗത്തെത്തിയിരിക്കുന്നത്. എഡിറ്റർ ഒരു കില്ലാഡി തന്നെയെന്നാണ് കമന്റ് ചെയ്യുന്നവർ അഭിപ്രായപ്പെടുന്നത്. പിണറായി വിജയനെ ഗസ്റ്റാവോ ഫ്രിങ്ങായി കാണാൻ ആഗ്രഹമുണ്ടെന്ന് ചിലർ പറഞ്ഞു. മുഖ്യമന്ത്രി അമേരിക്കയിൽ പോയതിന് പിന്നിൽ എന്തെങ്കിലും മിഷൻ ഉണ്ടാകുമോ എന്നായി ചിലർ. തലച്ചോറിന് തീപിടിക്കുമ്പോൾ ഇതും ഇതിലപ്പുറവും നടക്കും എന്ന രീതിയിലുള്ള രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. എങ്ങനെയാണ് ഇത്തരത്തിൽ വീഡിയോ നിർമ്മിക്കുന്നതെന്ന് ചിലർ സംശയവും ചോദിച്ചിട്ടുണ്ട്.
ALSO READ: ഉദ്വേഗം നിറച്ച് 'നല്ല നിലാവുള്ള രാത്രി' ടീസർ; 30ന് തിയേറ്ററുകളിലേക്ക്
പിണറായി വിജയൻ, ശശി തരൂർ എന്നിവരെ കൂടാതെ കെ.സുധാകരൻ, രാഹുൽ ഗാന്ധി, ബാലകൃഷ്ണപിള്ള, വി.എസ് അച്യുതാനന്ദൻ, ഇ.കെ നായനാർ എന്നിവരെയും എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരീക്ഷണം നടത്തിയിട്ടുണ്ട്. ഏതായാലും സിനിമാ താരങ്ങളും രാഷ്ട്രീയക്കാരുമെല്ലാം എഐയുടെ പരീക്ഷണങ്ങൾക്ക് ഇരയാകുമ്പോൾ പുതിയ ഒരു അനുഭവമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ലഭിക്കുന്നത് എന്ന കാര്യത്തിൽ തർക്കമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...