ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിതത്തിലെ സമസ്ത മേഖലകളെ പറ്റി അദ്ദേഹത്തിന് അറിവുണ്ടായിരുന്നു.
ജീവിതത്തില്‍ ശത്രുക്കളെ നേരിടാൻ എളുപ്പമല്ല. ശത്രുക്കളെ തിരിച്ചറിയാന്‍ പോലും പലപ്പോഴും നമുക്ക് സാധിച്ചെന്നിരിക്കില്ല. എന്നാൽ അത്തരം ആളുകളെ എതിരിടാൻ ചാണക്യൻ ചില തന്ത്രങ്ങൾ നൽകിയിട്ടുണ്ട്.
ചിരിച്ചുകൊണ്ട് നമ്മോടൊപ്പമാണെന്ന് ഭാവിക്കുകയും എന്നാല്‍ നമ്മുടെ നാശത്തിന് ആഗ്രഹിക്കുകയും ചെയ്യുന്നവർ നമുക്ക് ചുറ്റുമുണ്ട്. അവര്‍ എതിരെ നില്‍ക്കുന്ന ശത്രുവിനേക്കാള്‍ അപകടകാരിയാണ്. അങ്ങനെയുള്ളവരെ എതിരിടാൻ ചാണക്യന്‍ ഉപദേശിക്കുന്ന തന്ത്രങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ശത്രുവിന്റെ മനസ്സ് കീഴ്‌പ്പെടുത്തുക എന്നതാണ് ആദ്യത്തെ തന്ത്രം. എത്ര ശക്തനാണെങ്കിലും എതിരാളിയുടെ ബലഹീനതകള്‍ മനസ്സിലാക്കി മനസ്സിലേക്ക് കടന്നുചെല്ലണം. ശത്രുവിന്റെ മനസ്സ് മനസ്സിലാക്കിയാൽ അഭിപ്രായ ഭിന്നതകളുടെ കാരണം കണ്ടെത്താനും അതിന് പരിഹാരം കാണാനും സാധിക്കും. അങ്ങനെ വളരെ ലളിതമായി, ശത്രുവിനെ മിത്രമാക്കാം.
എതിരാളിയുമായി തര്‍ക്കിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ സ്വയം ചിന്തിക്കുക. എന്തിനാണ് തര്‍ക്കിക്കുന്നത്, ഗുണമെന്താണ്, നഷ്ടമെന്താണ് എന്ന് ആഴത്തില്‍ ചിന്തിക്കുക. തര്‍ക്കമുണ്ടാകുമ്പോള്‍ അവയോട് പ്രതികരിക്കുന്നതിന് മുമ്പ് വളരെ ശാന്തമായി ആലോചിക്കുക. ദേഷ്യത്തെ നിയന്ത്രിക്കാൻ നമുക്ക് സാധിച്ചാൽ എത്ര വലിയ ശത്രുവും നമുക്ക് മുമ്പില്‍ തോറ്റ് പിന്മാറും.
എതിരാളി ആണെങ്കില്‍ പോലും വ്യക്തമായി, ക്ഷമയോടെ കാര്യങ്ങള്‍ സംസാരിക്കുന്നത് അവര്‍ക്ക് മുമ്പില്‍ വിജയിക്കാനുള്ള മികച്ച മാർഗമാണ്. ഇവിടെ വാക്കുകളെ ആയുധമാക്കുക. ശത്രുവാണെന്ന് കരുതി അധിക്ഷേപിക്കാനോ കുറ്റപ്പെടുത്താനോ പോകരുത്. അത് ശത്രുത വളര്‍ത്തുകയേ ഉള്ളു.
എതിരാളികളോട് സഹാനുഭൂതിയോടെ സംസാരിക്കാന്‍ ശ്രമിക്കുക. അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് മുമ്പ് അവയെ ആഴത്തില്‍ അവലോകനം ചെയ്യുക. അത് നമുക്ക് ദോഷമുണ്ടാക്കില്ലെന്ന് ഉറപ്പിക്കുക. വ്യക്തതയോടും ക്ഷമയോടും അവരോട് സംസാരിക്കുക. ഈ സമീപനം ശത്രുവിനെ ദുര്‍ബലനാക്കും.
ശത്രുവിനെ കണ്ടെത്തിയാല്‍ അയാളുടെ വഴികള്‍ പിന്തുടരുക എന്നതാണ് മറ്റൊരു തന്ത്രം. നമ്മളെ പരാജയപ്പെടുത്താൻ ശത്രു സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ അറിഞ്ഞിരിക്കുക. ശത്രുവിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി അറിയാനാകുന്നത് അവരെ എതിരിടാൻ നമ്മെ കൂടുതൽ സഹായിക്കും.
വാക്കുകളേക്കാള്‍ പ്രവൃത്തിക്ക് മുന്‍ഗണന നല്‍കുക. വാശിയുടെയോ ദേഷ്യത്തിന്റെയോ പുറത്ത് വെറുതെ ഒന്നും വിളിച്ചുപറയാതിരിക്കുക. ചെയ്യുമെന്ന് ഉറപ്പുള്ള കാര്യങ്ങള്‍ മാത്രം പറയുക. ഉത്തമവിശ്വാസം ഉള്ളവരോട് മാത്രം രഹസ്യങ്ങൾ വെളിപ്പെടുത്തുക. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)