ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ സംഭവിക്കുന്ന സാംസ്കാരിക ആത്മീയ സംഗമമാണ് പ്രയാഗ് രാജിലെ മഹാകുംഭമേള.
വൈവിധ്യമാർന്ന വ്യക്തിത്വം കൊണ്ടും രൂപം കൊണ്ടും ഇത്തവണത്തെ മഹാകുംഭമേളയ്ക്കെത്തിയ ചില സന്യാസിമാർ സോഷ്യൽ മീഡിയയിൽ വൈറലായി.
ഐഐടി ബാബ തന്നെയാണ് ഇക്കൂട്ടത്തില് ആദ്യ താരം.ഹരിയാനയിലെ ജജ്ജറിൽ ജനിച്ച അഭയ് സിംഗ് എന്ന ഐഐടി ബാബ ഐഐടി മുംബൈയിൽ നിന്ന് എൻജിനീയറിങ്ങിൽ ബിരുദം കരസ്ഥമാക്കിയ വ്യക്തിയാണ്.
കുംഭമേളയിലെ വൈറൽ സുന്ദരിയായിരുന്നു രുദ്രാക്ഷ ജപമാലയും തിലകവും ധരിച്ചെത്തിയ ഹര്‍ഷ റിച്ചാരിയ. സൗന്ദര്യത്തിന്റെയും ഭക്തിയുടെയും പ്രതീകമായാണ് ഹര്‍ഷയെ ആരാധകര്‍ പുകഴ്ത്തിയത്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളൂവന്‍സറും നടിയും മോഡലുമാണ് ഹർഷ.
‘രുദ്രാക്ഷ ബാബ’ എന്നറിയപ്പെടുന്ന ഗീതാനന്ദ് മഹാരാജ്. കഴിഞ്ഞ ആറ് വർഷമായി 45 കിലോഗ്രാം ഭാരമുള്ള 1.25 ലക്ഷം രുദ്രാക്ഷങ്ങളാണ് അദ്ദേഹം തലയിൽ ധരിക്കുന്നത്. തലയിൽ വെച്ചിരിക്കുന്ന ഓരോ രുദ്രാക്ഷവും അദ്ദേഹത്തിൻ്റെ ഭക്തർ സമ്മാനിച്ചതാണ്.
രമേഷ് കുമാര്‍ മാഞ്ചി എന്നറിയപ്പെടുന്ന ‘കാന്റെ വാലെ ബാബ’. മുള്ളിനുള്ളില്‍ കിടന്നാണ് അദ്ദേഹം ശ്രദ്ധ ആകർഷിക്കുന്നത്. ശരീരത്തിന് ഗുണം ചെയ്യുന്നുവെന്നും അതൊരിക്കലും തന്നെ വേദനിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ശിരസ്സിൽ ധാന്യം കൃഷി ചെയ്ത ഉത്തർപ്രദേശ് സോൻഭദ്ര സ്വദേശിയായ അമർജീത് 'അനാജ് വാലെ ബാബ' എന്ന പേരിൽ അറിയപ്പെടുന്നു. പരിസ്ഥിതി സംരക്ഷണത്തിനുള്ള ബോധവത്കരണമാണ് ഇദ്ദേഹത്തിന്റെ ഈ പ്രവർത്തിക്ക് പിന്നിൽ.
'അംബാസഡർ ബാബ'യാണ് മറ്റൊരു താരം. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ മഹന്ത് രാജ്ഗിരി നാഗബാബയുടെ ഉറക്കവും ഭക്ഷണവും യാത്രയുമൊക്കെ അംബാസഡർ കാറിലാണ്.
മധ്യപ്രദേശിലെ ഉജ്ജയിനിൽനിന്ന് പ്രയാഗ്‍രാജിൽ എത്തിയ രാധേ പുരി ബാബ. 2011ൽ ഉയർത്തിയ തൻ്റെ വലതുകൈ ഇതുവരെ താഴ്ത്തിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ലോകത്തിൻ്റെ ക്ഷേമത്തിനായാണ് തൻ്റെ വലംകൈ ഉയർത്തിപ്പിടിച്ചുള്ള തപസ്സ് എന്നാണ് ഇദ്ദേഹത്തിൻ്റെ പക്ഷം.
ഉദ്യോഗാർഥികൾക്ക് സൗജന്യമായി സിവിൽ സർവീസ് പരിശീലനം നൽകുന്ന ദിനേശ് സ്വരൂപ് ബ്രഹ്മചാരി 'ഐഎഎസ് ബാബ' എന്ന് അറിയപ്പെടുന്നു.
'കബൂതർ വാല ബാബ' എന്നറിയപ്പെടുന്ന മഹന്ത് രാജ്പുരി ജി മഹാരാജ് ആണ് മറ്റൊരു താരം. കഴിഞ്ഞ ഒൻപത് വർഷമായി ശിരസ്സിൽ ഒരു പ്രാവിനെ വെച്ചാണ് ഇദ്ദേഹം നടക്കുന്നത്.