SAT Hospital പീഡിയാടിക് കാർഡിയാക് സർജറി ആരംഭിക്കുന്നതിൻ്റെ ഭാഗമായി കുട്ടികൾക്ക് മാത്രമായി സ്ഥാപിച്ച ഹൃദയ ശസ്ത്രക്രിയാ യൂണിറ്റിൻ്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആദ്യമായാണ് കുട്ടികൾക്കു മാത്രമായി ആധുനിക സംവിധാനത്തോടെയുള്ള ഹൃദയ ശസ്ത്രക്രിയാ തീയേറ്റർ സ്ഥാപിതമായിരിക്കുന്നത്.
65 ലക്ഷം രൂപയുടെ മോഡുലാർ തീയേറ്ററും മൂന്നു കോടി രൂപയുടെ അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടെ നാലു കോടി 22 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കാർഡിയാക് സർജറി യൂണിറ്റ് യാഥാർത്ഥ്യമാക്കിയത്.
സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തിയാണ് പൂർണമായും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പുതിയ സംരംഭം പൂർത്തീകരിച്ചത്.
ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ് നിരന്തരം ഹൃദയ ശസ്ത്രക്രിയാ യൂണിറ്റിൻ്റെ നിർമ്മാണ പുരോഗതി വിലയിരുത്തുകയും അടിയന്തരമായി പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് വേണ്ട നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.