പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഗോതബയ രജപക്സെ രാജിവയ്ക്കുമെന്ന് അറിയിച്ചിട്ടും പ്രതിഷേധക്കാർ പിൻതിരിയാൻ തയ്യാറായിട്ടില്ല.
രാജ്യത്ത് പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചു. സർവകക്ഷി സർക്കാരിന് അധികാരം കൈമാറാൻ തയ്യാറാണെന്നും റെനിൽ വിക്രമസിംഗെ അറിയിച്ചിട്ടുണ്ട്.
ശ്രീലങ്കയിൽ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ പ്രതിഷേധക്കാർ പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കി അവിടെ തുടരുകയാണ്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഗോതബയ രജപക്സെ രാജിവയ്ക്കുമെന്ന് അറിയിച്ചിട്ടും പ്രതിഷേധക്കാർ പിൻതിരിയാൻ തയ്യാറായിട്ടില്ല.
ജൂലൈ 13 ബുധനാഴ്ച രാജി വയ്ക്കുമെന്നാണ് ഗോതബയ രജപക്സെ അറിയിച്ചിട്ടുള്ളത്. എന്നാൽ ഗോതബയ എവിടെയാണ് എന്നുള്ളത് ഇപ്പോഴും വ്യക്തമല്ല. പ്രസിഡന്റിന്റെ വസതി കീഴടക്കിയ പ്രക്ഷോഭകാരികൾ അവിടുത്തെ സ്വിമ്മിങ്ങ് പൂളിൽ കുളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
അതേസമയം ഗോതബയ രാജി വച്ചാൽ താൽക്കാലിക ചുമതല സ്പീക്കർ അബെയവർധനയ്ക്കാവും. സ്പീക്കർക്ക് പരമാവധി 30 ദിവസം പ്രസിഡന്റിന്റെ ചുമതല വഹിക്കാം. ഒരാഴ്ചയ്ക്കകം പുതിയ സംയുക്ത സർക്കാർ അധികാരമേൽക്കും.
ജനൈമുക്തി നേതാവായ അനുര കുമാര ദിശാനായകയെ പ്രസിഡന്റ് ആക്കണമെന്ന് സർവ കക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്ത് സമാധാനം നിലനിർത്താൻ പൊതുജനം സഹകരിക്കണമെന്നാണ് സൈന്യത്തിന്റെ അഭ്യർഥന. പ്രസിഡന്റ് സ്ഥാനത്ത് തുടരും വരെ ഗോതബയയ്ക്ക് സംരക്ഷണം നൽകുമെന്നും സൈന്യം വ്യക്തമാക്കി.
സനത് ജയസൂര്യടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍ പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. റോഷന് മഹാനാമ, മഹേല ജയവര്‍ധന, കുമാര്‍ സംഗക്കാര എന്നിവരാണ് ജയസൂര്യക്ക് പുറമേ പ്രക്ഷോഭകാരികളെ പിന്തുണച്ച് രംഗത്തെത്തിയത്.