ഏകദിന ലോകകപ്പ് 2023ന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. 2011ന് ശേഷം ഇന്ത്യയിൽ ലോകകപ്പ് എത്തുമ്പോൾ കിരീടം ഉയർത്താനാകുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.
World Cup 2023: ലോകകപ്പിന് മുമ്പ് തന്നെ സൂപ്പർ താരങ്ങളെല്ലാം ഫോമിലേയ്ക്ക് ഉയർന്നതിന്റെ ആത്മവിശ്വാസം ഇന്ത്യൻ ക്യാമ്പിലുണ്ട്. എന്നാൽ, ഇന്ത്യൻ ടീമിലെ 6 സൂപ്പർ താരങ്ങൾക്ക് ഒരുപക്ഷേ ഇത് അവസാന ലോകകപ്പ് ആയിരിക്കാം. അവർ ആരൊക്കെയാണെന്ന് നോക്കാം.
രോഹിത് ശർമ്മ : ഇന്ത്യൻ നായകനും ഓപ്പണിംഗ് ബാറ്റ്‌സ്മാനുമായ രോഹിത് ശർമ്മയ്ക്ക് 36 വയസാണ് പ്രായം. അതിനാൽ തന്നെ ഈ വർഷം തന്റെ അവസാന ലോകകപ്പ് ടൂർണമെന്റിനാകും രോഹിത് ഇറങ്ങുന്നത്. അടുത്ത ലോകകപ്പ് 2027ലാണ് നടക്കുക. അന്ന് രോഹിത് ശർമ്മയ്ക്ക് 40 വയസ്സ് കഴിയും. ഈ പ്രായത്തിലും കളിക്കുക എന്നത് ഏതൊരു താരത്തിനും വലിയ വെല്ലുവിളിയാണ്. അത്തരമൊരു സാഹചര്യത്തിൽ, 2023 ലോകകപ്പ് രോഹിത് ശർമ്മയുടെ അവസാന ലോകകപ്പാണെന്ന് തന്നെ പറയാം.
മുഹമ്മദ് ഷാമി : ഇന്ത്യൻ പേസ് ആക്രമണത്തെ മുന്നിൽ നിന്ന് നയിക്കുന്ന താരമാണ് മുഹമ്മദ് ഷാമി. നിലവിൽ 32കാരനായ ഷാമി അടുത്ത ലോകകപ്പിൽ കളിക്കുമ്പോൾ 36 വയസ് കഴിയും. ഈ പ്രായത്തിൽ കായിക ക്ഷമത നിലനിർത്തി മികച്ച പ്രകടനം തുടരുക എന്നത് പേസർമാരെ സംബന്ധിച്ച് ഏറെ വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്. അത്തരമൊരു സാഹചര്യത്തിൽ, 2023 ലോകകപ്പ് മുഹമ്മദ് ഷമിയുടെ അവസാന ലോകകപ്പാണെന്ന് പറയാം.
രവിചന്ദ്രൻ അശ്വിൻ : ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളാണ് രവിചന്ദ്രൻ അശ്വിൻ. നിലവിൽ 36കാരനായ അശ്വിൻ അടുത്ത ലോകകപ്പിൽ കളിക്കുകയാണെങ്കിൽ 41 വയസാകും പ്രായം. രവിചന്ദ്രൻ അശ്വിന് ഈ പ്രായത്തിൽ കളിക്കുക എന്നത് വലിയ വെല്ലുവിളിയാകും. ഈ സാഹചര്യത്തിൽ, 2023 ലോകകപ്പ് രവിചന്ദ്രൻ അശ്വിന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം.
രവീന്ദ്ര ജഡേജ : ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ് രവീന്ദ്ര ജഡേജ. 34 കാരനായ ജഡേയ്ക്ക് അടുത്ത ലോകകപ്പ് ആകുമ്പോൾ 38-39 വയസാകും. ഈ പ്രായത്തിൽ കളിക്കുക എന്നത് രവീന്ദ്ര ജഡേജയ്ക്ക് വലിയ വെല്ലുവിളിയാകും. അത്തരമൊരു സാഹചര്യത്തിൽ 2023 ലോകകപ്പ് രവീന്ദ്ര ജഡേജയുടെ അവസാന ലോകകപ്പാണെന്ന് പറയേണ്ടി വരും.
ഭുവനേശ്വർ കുമാർ : സ്വിംഗുകൊണ്ട് ബാറ്റ്സ്മാൻമാരെ വട്ടം കറക്കുന്ന താരമാണ് ഭുവനേശ്വർ കുമാർ. നിലവിൽ 33കാരനായ ഭുവനേശ്വറിന് അടുത്ത ലോകകപ്പാകുമ്പോൾ 38-39 വയസാകും. ഒരു ഫാസ്റ്റ് ബൗളർക്ക് ഈ പ്രായത്തിൽ കളിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഈ വർഷത്തെ ലോകകപ്പ് ടീമിലും ഭുവിയ്ക്ക് ഇടം ലഭിച്ചില്ല. അതിനാൽ ഇത് ഭുവനേശ്വറിന്റെ കരിയറിലെ അവസാന ലോകകപ്പ് ആകാനാണ് സാധ്യത.
വിരാട് കോഹ്ലി : പ്രായം കണക്കിലെടുത്താൽ ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി അടുത്ത ലോകകപ്പ് കളിക്കാനിടയില്ല. കാരണം നിലവിൽ 34 കാരനായ കോഹ്ലിയ്ക്ക് അടുത്ത ലോകകപ്പ് ആകുമ്പോൾ 38-39 വയസാകും. എന്നാൽ ഫിറ്റ്നസ് ഫ്രീക്കായ കോഹ്ലി മറ്റ് താരങ്ങളെ അപേക്ഷിച്ച് അടുത്ത ലോകകപ്പും കളിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.